

കൊല്‍ക്കത്ത: റീല്‍സ് ചിത്രീകരണത്തിനായി യുവാവിനെ പെട്രോള്‍ കുടിപ്പിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തിയിലെ ഗര്‍ഫ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെയാണ് ഒരു സംഘം യുവാക്കള്‍ ആക്രമിച്ചത്.
യുവാവിനെ ഗര്ഫയിലെ ഹല്തു പ്രദേശത്തുള്ള കുളത്തിന് സമീപത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന്, ഒരു ഗെയിം എന്ന വ്യാജേനയാണ് ആക്രമണം നടത്തിയത്. യുവാവിന്റെ കണ്ണ് കെട്ടുകയും അടിക്കുകയും ചെയ്ത ശേഷം തലയില്‍ ഹെല്‍മെറ്റ് ധരിപ്പിച്ചു.
ഹെല്‍മെറ്റ് മാറ്റാന്‍ ശ്രമിച്ച യുവാവിന്റെ വായിലേക്ക് ബലം പ്രയോഗിച്ച് പെട്രോള്‍ ഒഴിച്ചു. തടയാന്‍ ശ്രമിച്ചതോടെ, ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഓടി രക്ഷപ്പെടുന്നതിനിടയില്‍ യുവാവ് തീപിടിച്ച വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുകയായിരുന്നു.
പൊള്ളലേറ്റ യുവാവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ യുവാക്കള്‍ ചിത്രീകരിച്ചിരുന്നു. ഇത് സോഷ്യല്‍മീഡിയയില്‍ റീലായി പോസ്റ്റ് ചെയ്യാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അര്ഗ്യ ഷാ എന്നയാളാണ് പ്രധാന പ്രതി. അറസ്റ്റിലായവരില്‍ രണ്ട് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ഒക്ടോബര്‍ 27 നായിരുന്നു സംഭവം.