കോഴിക്കോട്: കോടഞ്ചേരിയിൽ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. സെൻ്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിൽ 13 ഓളം പ്ലസ് ടു വിദ്യാർഥികൾ ചേർന്നാണ് ക്രൂരമായി മർദിച്ചത്. പരിക്കേറ്റ വിദ്യാർഥി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സ്കൂൾ അധികൃതരും രക്ഷിതാവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.
കോടഞ്ചേരി സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്. ഇന്നലെ രാവിലെ സ്കൂളിലെ കൈ കഴുകുന്ന ഭാഗത്ത് വെച്ച് 13 ഓളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിക്കുകയായിരുന്നു. സ്കൂളിൽ നിന്നും വിവരമറിയിച്ചതിനെ തുടർന്ന് പിതാവ് എത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ ആൻറി റാഗിങ് കമ്മിറ്റിയും രക്ഷിതാവും, കോടഞ്ചേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. റാഗിങ് മർദനത്തിൽ പരിക്കേറ്റ് മരിച്ച ഷഹബാസിൻ്റെ ഓർമയുടെ വേദനകൾ അവസാനിക്കും മുൻപേയാണ് വിദ്യാർഥികളുടെ സംഘർഷങ്ങൾ തുടരുന്നത്.