തുടർച്ചയായ അച്ചടക്കനടപടികളിൽ കുരുങ്ങി പത്തനംതിട്ട ജില്ലയിലെ പൊലീസ് സംവിധാനം. മാസങ്ങളുടെ ഇടവേളകളിൽ പത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിവിധ കാരണങ്ങളുടെ പേരിൽ സസ്പെൻഡ് ചെയ്തത്. ഇതോടെ ജില്ലയിലെ പൊലീസ് സംവിധാനം ക്രിമിനലുകളുടെ കയ്യിലാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
പുല്ലാട് സ്വദേശി കണ്ണനെതിരെയുള്ള കോയിപ്രം പൊലീസിന്‍റെ ക്രൂരത കഴിഞ്ഞ ദിവസം പുറത്തുവിട്ടത് ന്യൂസ് മലയാളമാണ്. പത്തനംതിട്ട ജില്ലയിൽ തുടരുന്ന പൊലീസ് വീഴ്ചകളുടെ മറ്റൊരു തെളിവുകൂടിയായി ഈ സംഭവം. സിഐ സുരേഷ് കുമാർ മറ്റൊരു കസ്റ്റഡി മർദന ആരോപണത്തിൽ സസ്പെൻഷനിലാണ്.
ദളിത് കുടുംബത്തെ ബാറിനു മുന്നിലിട്ട് തല്ലിച്ചതച്ച സംഭവം മുതൽ അഭിഭാഷകനായ പോക്സോ കേസ് പ്രതിക്കെതിരെയുള്ള അന്വേഷണം അട്ടിമറിച്ചതുവരെ നീളുന്നു ജില്ലയിലെ പൊലീസിനെതിരെയുള്ള ആരോപണങ്ങൾ.
പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരാണ് ദളിത് കുടുംബത്തിനെതിരായ ആക്രമണത്തില്‍ സസ്പെൻഷൻ നേരിട്ടത്. സംഭവത്തിന് ഒരാഴ്ച മുൻപ് എസ്ഐ ജിനുവിന് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും യുവാവിൽ നിന്ന് മർദനം ഏൽക്കുകയും ചെയ്തിരുന്നു.
തിരുവല്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ശരീരത്തിൽ അച്ഛൻ കഞ്ചാവ് ഒളിപ്പിച്ചുകടത്തി എന്ന പൊലീസ് കേസാണ് മറ്റൊരു വിവാദം. മൊഴി പൊലീസ് നിർബന്ധിച്ച് രേഖപ്പെടുത്തിയതെന്ന കുട്ടിയുടെ അമ്മയുടെ വെളിപ്പെടുത്തൽ വന്നതോടെ പൊലീസ് വെട്ടിലായി. തൊട്ടുപിന്നാലെ കോന്നിയിൽ പരാതിക്കാരനൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തിയ സിപിഐഎം നേതാവിനെ പൊലീസുകാരൻ കയ്യേറ്റം ചെയ്തു.
കോയിപ്രം പൊലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് ആത്മഹത്യ ചെയ്തതും വലിയ വിവാദമായി. പൊലീസിന്റെ കസ്റ്റഡി മർദ്ദനത്തെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് സുരേഷ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. കസ്റ്റഡിയിൽ വച്ച് പൊലീസ് മർദിച്ച വിവരം സുരേഷ് സഹോദരനോടും സുഹൃത്തിനോടും പറഞ്ഞിരുന്നു. സംഭവത്തിൽ കോയിപ്രം സിഐ സുരേഷ് കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
പോക്സോ കേസിൽ വീഴ്ച്ച വരുത്തിയതിന് കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തർ, കോന്നി എസ്എച്ച്ഒ പി ശ്രീജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്ത വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് കോയിപ്രം പൊലീസ് നടത്തിയ ക്രൂര മർദന വാർത്തയും ന്യൂസ് മലയാളം പുറത്തുവിട്ടത്.
ഇതോടെ ജില്ലയിലെ പൊലീസ് സംവിധാനം ക്രിമിനലുകളുടെ കയ്യിൽ ആണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കി. പത്തനംതിട്ട പീഡനക്കേസിൽ ദ്രുതഗതിയിൽ പ്രതികളെ പിടികൂടിയ സംഭവം പൊലീസിന്റെ യശസ്സ് ഉയർത്തിയെങ്കിലും തുടർച്ചയായി ഉണ്ടാകുന്ന വീഴ്ചകളും വകുപ്പുതല നടപടികളും ആഭ്യന്തരവകുപ്പിന് തലവേദന ആവുകയാണ്.