ഹരിയാന: സ്വകാര്യ പ്രൈമറി സ്കൂളിൽ നടന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത്. ഹോംവർക്ക് ചെയ്തില്ലെന്ന് ആരോപിച്ച്, സ്കൂൾ പ്രിൻസിപ്പൽ രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇതേ പ്രിൻസിപ്പൽ മറ്റൊരു വിദ്യാർഥിയുടെ മുഖത്ത് ആവർത്തിച്ച് തല്ലുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിനു പിന്നാലെ സ്കൂൾ പ്രിൻസിപ്പലിനെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു.
ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പാനിപത്തിലെ ശ്രീജൻ പബ്ലിക് സ്കൂളിൽ നടന്ന കൊടും ക്രൂരതയുടെ വിവരം പുറംലോകം അറിയുന്നത് . രണ്ടാം ക്ലാസ് വിദ്യാർഥിയെ ജനൽ കമ്പിയിൽ കെട്ടിത്തൂക്കി തലകീഴായി നിർത്തിയായിരുന്നു മർദനം. ഹോംവര്‍ക്ക് ചെയ്യാത്ത രണ്ടാം ക്ലാസുകാരനെ ശിക്ഷിക്കാൻ, ഡ്രൈവർ അജയ്‌യെ വിളിച്ചുവരുത്തുകയായിരുന്നു പ്രിൻസിപ്പൽ റീന. അജയ് തന്നെ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്കയച്ച വീഡിയോയാണ് പിന്നീട് കുട്ടിയുടെ കുടുംബത്തിനും ലഭിച്ചത്.
സംഭവത്തിന് പിന്നാലെ സ്കൂളിലെ പീഡനത്തിന്റെ മറ്റൊരു ദൃശ്യവും പുറത്തുവന്നു. പ്രിന്‍സിപ്പൽ റീന രണ്ട് കുട്ടികളെ മറ്റ് വിദ്യാർഥികളുടെ മുന്നില്‍ വെച്ച് തുടരെ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സഹപാഠികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനം . പ്രതിഷേധം ശക്തമായതോടെ പ്രിൻസിപ്പലിനെയും സ്കൂൾ ബസ് ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ കൊണ്ട് പ്രിൻസിപ്പൽ ശുചിമുറി വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.