കൊല്ലം: വധശ്രമക്കേസിൽ ജാമ്യം കിട്ടിയ പ്രതി തൊട്ടടുത്ത ദിവസം ഹൈബ്രിഡ് കഞ്ചാവുമായി പൊലീസ് പിടിയിലായി. കൊല്ലം സ്വദേശി ശ്യാമാണ് വീണ്ടും പൊലീസ് വലയിലായത്. കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ 'തിരുമ്പി വന്തിട്ടേൻ' എന്ന ക്യാപ്ഷനോടെ റീൽസ് പങ്കുവെച്ച് മാസ് കാണിച്ചായിരുന്നു ശ്യാം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.
ഇടയില വീട്ടിൽ ശ്യാം സൈലൻ്റ് കില്ലർ എന്നാണ് ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്നത്. ജയിലിൽ നിന്നറങ്ങി തൊട്ടടുത്ത ദിവസം ഇയാൾ ഹൈബ്രിഡ് കഞ്ചാവുമായി പൊലീസിന്റെ പിടിയിലായി. വധശ്രമ കേസിൽ ജാമ്യത്തിലിറങ്ങിയ ശ്യാം റീൽസ് ചിത്രീകരിച്ചുകൊണ്ടായിരുന്നു തന്റെ തിരിച്ചുവരവ് ആഘോഷിച്ചത്. മാസ് മ്യൂസികിൻ്റെ അകംബടിയോടെ അത് സോഷ്യൽ മീഡയയിൽ പങ്കുവെച്ചു. അഞ്ച് മില്യണിലധികം കാഴ്ച്ചക്കാരോടെ റീൽസ് വൈറലായി. പിന്നാലെ മറ്റൊരു കേസിൽ വീണ്ടും അകത്തായി.
വിപണിയിൽ അഞ്ചര ലക്ഷം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായാണ് പ്രതി പിടിയിലായത്. ബെഡ് റൂമിൽ പ്ലാസ്റ്റിക്ക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടത്തിയത്. ഇക്കഴിഞ്ഞ ദിവസം യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇരവിപുരം പൊലീസ് ശ്യാമിനെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. ജയിലിലേക്ക് കയറുമ്പോൾ മാധ്യമങ്ങളുടെ ക്യാമറയ്ക്ക് മുന്നിൽ അഭ്യാസം കാട്ടിയാണ് പോയത്. പിന്നാലെയാണ് തിരിച്ചിറങ്ങിയതും വീണ്ടും പിടിയിലാകുന്നതും. ഇതിനോടകം നിരവധി കേസുകളിൽ പ്രതിയാണ് ശ്യാം. സിറ്റി ഡാൻസാഫും ഇരവിപുരം പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.