സ്കൂളിലേക്ക് മുടിമുറിച്ച് വരണമെന്ന് ആവശ്യപ്പെട്ടു; പ്രിൻസിപ്പാളിനെ വിദ്യാർഥികൾ കുത്തിക്കൊന്നു
ഹരിയാനയിൽ സ്കൂൾ പ്രിൻസിപ്പാളിനെ വിദ്യാർഥികൾ കുത്തിക്കൊന്നു. ഖട്ടാർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ജഗ്ഭീർ സിംഗിനെയാണ് വിദ്യാർഥികൾ കുത്തിക്കൊന്നത്. മുടി മുറിച്ച് സ്കൂളിൽ വരാൻ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം.
15 വയസ്സ് മാത്രം പ്രായമുള്ള രണ്ട് വിദ്യാർഥികൾ ചേർന്നാണ് കൃത്യം നടത്തിയത്. പ്രിൻസിപ്പൽ കുട്ടികളോട് മുടി മുറിച്ച് സ്കൂളിൽ വരാനും അച്ചടക്കം പാലിക്കാനും പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതരായാണ് അവർ സ്കൂൾ പ്രിൻസിപ്പലിനെ കുത്തിക്കൊലപ്പെടുത്തി.
കേസിൽ പ്രതികളായ കുട്ടികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇരുവരെയും പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഹാൻസി പൊലീസ് സൂപ്രണ്ട് അമിത് യശ്വർധൻ പറഞ്ഞു. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഹിസാറിലേക്ക് അയച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സൂപ്രണ്ട് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.