
മേഘാലയയില്‍ മധുവിധുയാത്രയ്ക്കിടെ യുവാവിനെ ഭാര്യയും ആണ്‍സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മധ്യപ്രദേശ് സ്വദേശിയായ രാജ രഘുവംശിയെയാണ് ഭാര്യ സോനവും സുഹൃത്ത് രാജ് കുശ്‌വാഹയും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
രാജ് കുശ്‌വാഹയുമായി സോനം പ്രണയത്തിലായിരുന്നു. ഈ ബന്ധം അനുവദിക്കാതെയാണ് സോനത്തിന്റെ വീട്ടുകാര്‍ രാജ രഘുവംശിയുമായുള്ള വിവാഹം നടത്തിയത്. തന്റെ ഇഷ്ടത്തിന് എതിരായി വിവാഹം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സോനം വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിവാഹത്തിന് മുമ്പ് രാജ് കുശ്‌വാഹയുമായുള്ള ബന്ധത്തെ കുറിച്ച് സോനം വീട്ടുകാരോട് പറഞ്ഞിരുന്നതായാണ് രാജിന്റെ സഹോദരന്‍ വിപിന്‍ പൊലീസിന് മൊഴി നല്‍കിയത്. സോനത്തിന്റെ കുടുംബം നടത്തുന്ന ബിസിനസ് സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു കുശ്‌വാഹ. എന്നാല്‍, ഈ ബന്ധത്തെ സോനത്തിന്റെ വീട്ടുകാര്‍ എതിര്‍ത്തു.
രാജയെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നും കുശ്‌വാഹയുമായി പ്രണയത്തിലാണെന്നും സോനം അമ്മയോട് പറഞ്ഞിരുന്നതായാണ് സഹോദരന്റെ മൊഴി. എന്നാല്‍, ഈ ബന്ധത്തെ സോനത്തിന്റെ അമ്മ എതിര്‍ത്തു. സ്വന്തം സമുദായത്തില്‍ നിന്നു തന്നെ വിവാഹം കഴിക്കാനായിരുന്നു അമ്മ ആവശ്യപ്പെട്ടത്. എന്നാല്‍, വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്ന് സോനം വീട്ടുകാരോട് പറഞ്ഞിരുന്നു.
രാജ് രഘുവംശിയുടെ കൊലപാതകത്തില്‍ സോനവും സുഹൃത്ത് രാജ കുശ്‌വാഹയെയും മറ്റ് രണ്ടു പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രംഘുവംശിയെ കൊല്ലാന്‍ കുശ്‌വാഹ തന്റെ രണ്ട് സുഹൃത്തുക്കളെയായിരുന്നു ഏല്‍പ്പിച്ചിരുന്നത്. കൊല നടത്താന്‍ സോനം 20 ലക്ഷമായിരുന്നു വാഗ്ദാനം ചെയ്തത്.
രഘുവംശിയെ കൊലപെടുത്തുക എന്ന ഉദ്യേശത്തോടെയാണ് സോനം മേഘാലയയിലേക്ക് മധുവിധു യാത്ര തീരുമാനിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സോനവും ആണ്‍സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു.
മധ്യപ്രദേശ് സ്വദേശികളായ ബിസിനസുകാരന്‍ രാജ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മെയ് 23ന് മേഘാലയയില്‍ നിന്നും കണാതായത്. മെയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. മെയ് 20നാണ് ഹണിമൂണ്‍ യാത്ര തുടങ്ങിയത്. 11 ദിവസത്തെ തിരച്ചിലിനൊടുവില്‍ രാജയുടെ മൃതദേഹം കണ്ടെത്തി. അപ്പോഴും സോനത്തെ കണ്ടെത്താനായിരുന്നില്ല. ഏറെ ദിവസത്തെ തെരച്ചിലിലും സോനത്തിന്റെ പൊടി പോലും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് പൊലീസിന് രാജയുടെ മരണത്തില്‍ സംശയങ്ങള്‍ തോന്നി തുടങ്ങിയത്.
കൊലപാതകത്തിന് ശേഷം ഉത്തര്‍പ്രദേശിലേക്ക് യാത്ര ചെയ്ത സോനം, തന്നെ മയക്കുമരുന്ന് നല്‍കി ആരോ കടത്തിക്കൊണ്ട് പോയെന്ന് വീട്ടുകാരെ വിളിച്ച് അറിയിച്ചു. കൊലപാതകവുമായി ബന്ധമില്ലെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. മേഘാലയയില്‍ നിന്ന് തന്നെ ആരൊക്കെയോ കടത്തിയെന്നും എങ്ങനെ ഇവിടെ എത്തിപ്പെട്ടു എന്ന് ഓര്‍മയില്ല എന്നുമാണ് പറയുന്നത്. മോഷണസംഘത്തില്‍ നിന്ന് തന്നെ രക്ഷിക്കുന്നതിനിടയിലാണ് രാജ കൊല്ലപ്പെട്ടതെന്നും സോനം കുടുംബത്തോട് പറഞ്ഞു.
ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിനിടെയാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സമീപത്ത് നിന്ന് ഒരു പ്ലാസ്റ്റിക് പിടിയുള്ള മൂര്‍ച്ചയുള്ള കത്തിയും തകര്‍ന്ന നിലയില്‍ ഒരു മൊബൈല്‍ ഫോണും കണ്ടെടുത്തിയിരുന്നു. ഇതോടെയാണ് കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നത്.