കണ്ണൂർ: യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി കെഎസ്ആർടിസി. ഓൺലൈൻ വഴി ടിക്കറ്റെടുത്തവർ പോകാൻ ബസില്ലാതെ ഡിപ്പോയിൽ കുടുങ്ങി. രാത്രി 7.15ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട സ്വിഫ്റ്റ് എസി ബസാണ് യാത്രക്കാർ ബുക്ക് ചെയ്തത്. എന്നാൽ ഡിപ്പോയിൽ അന്വേഷിച്ചപ്പോൾ ഇങ്ങനെയൊരു ബസ് ഇല്ലെന്നായിരുന്നു ജീവനക്കാരുടെ പ്രതികരണമെന്നും യാത്രക്കാർ പറഞ്ഞു.
വൈകീട്ട് 7.15ന് എത്തേണ്ട ബസിനായി 6.45ഓടെ തന്നെ യാത്രക്കാർ കണ്ണൂർ ഡിപ്പോയിൽ എത്തിയിരുന്നു. ഏറെ വൈകിയതോടെയാണ് യാത്രക്കാർ ഡിപ്പോ ജീവനക്കാരുമായി ബന്ധപ്പെട്ടത്. എന്നാൽ ഈ ബസിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ജീവനക്കാരുടെ മറുപടി. ഇതോടെ യാത്രക്കാർ ഡിപ്പോയിൽ കുടുങ്ങി. ജോലിക്കാർ മുതൽ പ്രായമായവരുൾപ്പെടെ എന്തുചെയ്യണമെന്നറിയാതെ നിൽക്കേണ്ടി വന്നു.
പല ഡിപ്പോകളുമായി ബന്ധപ്പെട്ടെങ്കിലും, ഇങ്ങനെയൊരു ബസിനെക്കുറിച്ച് ജീവനക്കാർക്ക് വിവരമൊന്നും ലഭിച്ചില്ല. ഡിപ്പോയിൽ നിന്ന് ഒരു കൃത്യമായി വിശദീകരണവും യാത്രക്കാർക്ക് ലഭിച്ചില്ല. മറ്റൊരു ബദൽ സംവിധാനം ഒരുക്കാനും കെഎസ്ആർടിസിക്ക് കഴിഞ്ഞില്ല. വോൾവോ ബസിൽ ഉയർന്ന തുക അടച്ച് സീറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഒടുവിൽ, കോഴിക്കോട് ഡിപ്പോ വരെ പോകാനുള്ള ബസ് മാത്രമാണ് ഒരുക്കി നൽകിയത്.