ചെന്നൈ: തമിഴ് ഫിനാൻഷ്യൽ പേജായ 'ഫിനാൻസ് വിത്ത് ഹരീഷ്' എന്ന ജനപ്രിയ പേജിന്റെ സ്ഥാപകനുമായ വി. ഹരീഷിനെ ചെന്നൈയിലെ വാടകവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഒക്ടോബർ 20-നായിരുന്നു ചെന്നൈയുടെ പ്രാന്തപ്രദേശത്തുള്ള വീട്ടിൽ ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇദ്ദേഹത്തിന് 27 വയസായിരുന്നു. മരണത്തിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോയിൽ, പ്രമുഖ യൂട്യൂബർ ജേസൺ സാമുവൽ തന്നെ വ്യക്തിഹത്യ ചെയ്യുകയും തുടർച്ചയായി സൈബർ വേട്ടയാടലുകൾക്ക് ഇരയാക്കുകയും ചെയ്തതാണ് തന്റെ മരണത്തിന് കാരണമെന്ന് ഹരീഷ് ആരോപിച്ചിരുന്നു. സംഭവത്തിൽ ഹരീഷിന്റെ പിതാവ് ജെ. വിനായകം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാനാത്തൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഞ്ച് വർഷത്തോളമെടുത്ത് ഹരീഷ് കെട്ടിപ്പടുത്തതും 13 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ളതുമായ പ്രധാന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉൾപ്പെടെയുള്ള രണ്ട് പേജുകൾ മെറ്റ നീക്കം ചെയ്തതിനെത്തുടർന്ന് ഹരീഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഹരീഷിന്റെ ഔദ്യോഗിക യോഗ്യതകളെയും നിക്ഷേപ ഉപദേശങ്ങളെയും ചോദ്യം ചെയ്ത് ഒക്ടോബർ 18-ന് യൂട്യൂബറും സെമൂറിയ ഇൻക് സിഇഒയുമായ ജേസൺ സാമുവൽ നിരവധി വീഡിയോകൾ പങ്കുവെച്ചതോടെയാണ് വിവാദങ്ങളുടെ തുടക്കം.
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാതെയാണ് ഹരീഷ് ജനങ്ങൾക്ക് നിക്ഷേപ ഉപദേശങ്ങൾ നൽകുന്നതെന്നും, മ്യൂച്വൽ ഫണ്ടുകൾ വിതരണം ചെയ്യാൻ മാത്രം അനുവാദമുള്ള എഎംഎഫ്ഐ രജിസ്ട്രേഷൻ നമ്പർ കൈവശം വെച്ചുകൊണ്ട് തനിക്ക് എഎംഎഫ്ഐ ലൈസൻസ് ഉണ്ടെന്ന് തെറ്റായി അവകാശപ്പെടുകയാണെന്നും സാമുവൽ ആരോപിച്ചിരുന്നു. ഇതേത്തുടർന്നുണ്ടായ പരാതികളിലാണ് ഹരീഷിന്റെ ഇൻസ്റ്റാഗ്രാം പേജുകൾ പൂട്ടിക്കപ്പെട്ടത്.
എന്നാൽ, തന്റെ വിമര്‍ശനങ്ങള്‍ ഉപഭോക്തൃ സംരക്ഷണം ലക്ഷ്യമിട്ടുള്ള നിയമാനുസൃതമായ ഇടപെടൽ മാത്രമായിരുന്നുവെന്നും ആരെയും ആത്മഹത്യയിലേക്ക് നയിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി ജേസൺ സാമുവൽ എക്സിലൂടെ രംഗത്തെത്തി. സെബി, എഎംഎഫ്ഐ ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാണിക്കുന്നത് ആത്മഹത്യാ പ്രേരണയാകില്ലെന്നും, കൃത്യമായ സെബി ലൈസൻസ് നേടിയ ശേഷം ഉള്ളടക്ക നിർമ്മാണത്തിലേക്ക് തിരിച്ചുവരാൻ താൻ ഹരീഷിനെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും ഒരു ജീവൻ നഷ്ടപ്പെട്ടതിൽ കടുത്ത വേദനയുണ്ടെന്നും സാമുവൽ വ്യക്തമാക്കി.
രാജ്യത്ത് രജിസ്ട്രേഷനില്ലാത്ത ഫിനാൻഷ്യൽ ഇൻഫ്ലുവൻസർമാർക്കെതിരെ സെബി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിവരുന്നതിനിടയിലാണ് ഡിജിറ്റൽ ലോകത്തെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. ഹരീഷ് റെക്കോർഡ് ചെയ്ത വീഡിയോ കേന്ദ്രീകരിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്.
(ശ്രദ്ധിക്കുക: മാനസിക വിഷമങ്ങൾക്കോ ആത്മഹത്യാ ചിന്തകൾക്കോ സൗജന്യ കൗൺസിലിംഗിനായി ഹെൽപ്പ്‌ലൈൻ നമ്പറായ 14416 അല്ലെങ്കിൽ ദിശ 1056 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക).