
ഹരിയാന: വിവാദ യൂട്യുബറും ബിഗ് ബോസ് ജേതാവുമായ എല്‍വിഷ് യാദവിന്റെ വീട്ടില്‍ വെടിവെപ്പ് നടത്തിയ സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് കുപ്രസിദ്ധ സംഘം. ഹിമാൻഷു ഭാവുവിൻ്റെ നേതൃത്വത്തിലുള്ള ഭാവു ഗ്യാങ്ങാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇന്ദർജീത് യാദവ്, നീരജ് ഫരീദ്പൂർ, ഭൗ റിട്ടോലിയ എന്നീ ഗുണ്ടാസംഘങ്ങളാണ് വെടിവെപ്പ് നടത്തിയതെന്നും ഇവർ വെളിപ്പെടുത്തി. ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് ആക്രമണം.
പൊലീസ് പറയുന്നതനുസരിച്ച് ഞായറാഴ്ച പുലര്‍ച്ചെ 5.30 നും ആറ് മണിക്കുമിടയിലാണ് വെടിവെപ്പുണ്ടാകുന്നത്. ബൈക്കിലെത്തിയ മൂവര്‍ സംഘം എല്‍വിഷ് യാദവിന്റെ വീടിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പന്ത്രണ്ട് തവണയോളം വെടിവെച്ചതായാണ് റിപ്പോര്‍ട്ട്.
എല്‍വിഷ് യാദവിന്റെ ഗുരുഗ്രാമിലെ സെക്ടര്‍ 57 നിലുള്ള വസതിയിലാണ് ആക്രമണം നടന്നത്. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്ത ശേഷം അക്രമി സംഘം ബൈക്കില്‍ കയറി സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.
എല്‍വിഷിന്റെ വസതിയില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരടക്കമെത്തി പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ എല്‍വിഷ് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് സൂചന.
പ്രമുഖ യൂട്യൂബറും ബിഗ് ബോസ് ഒടിടി ജേതാവുമാണ് എല്‍വിഷ് യാദവ്.