തൃശൂർ ഇരിങ്ങാലക്കുട പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഉത്തരാഖണ്ഡ് പൊലീസ് കോട്ടയത്തുള്ള മകളെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ പ്രേംകുമാർ ആണോ മരിച്ചതെന്ന് ഉറപ്പിക്കാറായിട്ടില്ലെന്നും പൊലീസ് സംഘം സ്ഥലത്തെത്തി അന്തിമ സ്ഥിരീകരണം നടത്തിയതിനുശേഷം മാത്രമേ വ്യക്തത വരുത്താൻ ആവുകയുള്ളൂവെന്നും തൃശൂർ റൂറൽ പൊലീസ് അറിയിച്ചു.
ഇരിഞ്ഞാലക്കുട കാറളം സ്വദേശിനികളായ മണിയേയും മകൾ രേഖയും കൊലപ്പെടുത്തി അതിസമർഥമായായിരുന്നു പ്രേംകുമാർ രക്ഷപ്പെട്ടത്. മെയ് ഒന്നിനോ രണ്ടിനോ കൊലപാതകം നടത്തി രക്ഷപ്പെട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. എന്നാൽ കൊലപാതക വിവരം പുറത്തറിയാൻ വൈകിയത് അന്വേഷണസംഘത്തിന് തിരിച്ചടിയായി.
ഇതോടെ രാജ്യവ്യാപകമായി പ്രേംകുമാറിനായി പൊലീസ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പ്രേംകുമാർ മരണപ്പെട്ടതായി വിവരം ലഭിക്കുന്നത്.
ആധാർ രേഖകൾ കണ്ട് തിരിച്ചറിഞ്ഞ് ഉത്തരാഖണ്ഡ് പൊലീസാണ് പ്രേംകുമാറിന്റെ മകളെ വിവരം അറിയിച്ചത്. എന്നാൽ ഈ കാര്യം അന്തിമമായി സ്ഥിരീകരിക്കാൻ ആകില്ലെന്നാണ് തൃശൂർ റൂറൽ പൊലീസ് പറയുന്നത്.
2019 ൽ ആദ്യ ഭാര്യയായിരുന്ന ദിവ്യയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രേംകുമാറിനെ ആറുമാസങ്ങൾക്ക് ശേഷമാണ് പിടികൂടിയത്. കോളേജ് കാലത്ത് ഒരുമിച്ച് പഠിച്ച സുഹൃത്തുമായി ഒന്നിച്ച് ജീവിക്കാൻ വേണ്ടിയായിരുന്നു കൊല നടത്തിയതെന്നാണ് അന്ന് ഇയാൾ പൊലീസിന് നൽകിയിപുന്ന മൊഴി. ദിവ്യ കേസിൽ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് രേഖയുമായി ഇയാൾ അടുപ്പം സ്ഥാപിക്കുന്നത്.
വിവിധ സ്ഥലങ്ങളിൽ ഹോട്ടൽ മാനേജറായി നോക്കിയിരുന്ന പ്രേംകുമാർ അഞ്ച് മാസത്തിലധികമായി രേഖയുമൊത്ത് ഇരിങ്ങാലക്കുട പടിയൂരിൽ ആയിരുന്നു താമസം. ഇതിനിടയിൽ രേഖയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പ്രതി വീണ്ടും കൊലപാതകങ്ങൾ നടത്തിയത്. രേഖയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിൽ കാത്തിരുന്ന പ്രതി അന്ന് തന്നെ അമ്മ മണിയെയും സമാനമായ രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.