
കൊച്ചി: കുണ്ടന്നൂരിൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് പേർ കൂടി പിടിയിൽ. എറണാകുളം ജില്ലാ കോടതി അഭിഭാഷകൻ നിഖിൽ നരേന്ദ്രനും പെൺസുഹൃത്ത് ബുഷ്റയുമാണ് പിടിയിലായത്. മുഖംമൂടി ധരിച്ചെത്തി പണം കൊള്ളയടിച്ച മുഖ്യപ്രതി ജോജി സംസ്ഥാനം വിട്ടതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ 20 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അഞ്ച് പ്രതികളാണ് പൊലീസിൻ്റെ പിടിയിലായത്. അഭിഭാഷകൻ നിഖിൽ നരേന്ദ്രനും പെൺസുഹൃത്ത് ബുഷ്‌റയുമാണ് കവർച്ച ആസൂത്രണം ചെയ്തതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പണമിരട്ടിപ്പ് വാഗ്ദാനം ചെയ്ത് നടന്ന കൊള്ളയാണിതെന്ന നിഗമനത്തിൽ തന്നെയാണ് അന്വേഷണ സംഘം.
അതേസമയം മുഖ്യപ്രതി ജോജിയെ പൊലീസിന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ സംസ്ഥാനം വിട്ടതായാണ് പൊലീസിൻ്റെ സംശയം. ഒന്നിൽ കൂടുതൽ പ്രതികൾ ഉള്ളതിനാൽ കൊള്ളയടിച്ച പണം പ്രതികൾ പലയിടങ്ങളിലായി സൂക്ഷിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് വിലയിരുത്തുന്നു. ദിവസങ്ങളോളം നിരീക്ഷണം നടങ്ങിയ ശേഷമാണ് പണം കൊള്ളയടിച്ചതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.