തമിഴ്നാട്: പോണ്ടിച്ചേരി സർവകലാശാലയിൽ മലയാളി വിദ്യാർഥികൾക്ക് മർദനം. സർവകലാശാലയിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാർഥികൾക്കാണ് പൊലീസ് നടപടിയിൽ മർദനമേറ്റത്. വിദ്യാർഥിനികളടക്കമുള്ളവരെ കയ്യേറ്റം ചെയ്തതായും പ്രതിഷേധക്കാർ ആരോപിക്കുന്നു.
ഇന്റേണൽ കംപ്ലയിന്റ്‌സ് കമ്മിറ്റിയുടെ നിഷ്‌ക്രിയത്വത്തിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിലായിരുന്നു സമരം. പൊലീസിനൊപ്പം യൂണിവേഴ്സിറ്റി സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരെ ആക്രമിച്ചതായിട്ടാണ് റിപ്പോർട്ട്.
സെക്യൂരിറ്റി ഗാര്‍ഡും പൊലീസും ചേര്‍ന്ന് വിദ്യാര്‍ഥികളെ വലിച്ചിഴച്ചു. വിദ്യാര്‍ഥികളെ ചവിട്ടി വീഴ്ത്താനും ശ്രമിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു. പൊലീസിന്റെ നടപടിയെത്തുടർന്ന് ആകെ 18 എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത 18 പേരിൽ 14 പേർ മലയാളി വിദ്യാർഥികളാണ്.