ഗുവാഹത്തി: ബിസിനസുകാരൻ്റെ കൊലപാതകത്തിൽ ഭാര്യയും മകളും അറസ്റ്റിൽ. അസമിലെ ദിബ്രുഗഡിലെ 52 കാരനായ ഉത്തം ഗൊഗോയിയുടെ മരണത്തിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയെയും മകളെയും കൂടാതെ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മോഷണശ്രമത്തിനിടെ ഇയാൾ കൊല്ലപ്പെട്ടതാണ് എന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊലപാതകം ആണെന്ന് തെളിഞ്ഞത്. ഉത്തം ഗൊഗോയിയുടെ ഭാര്യ ബോബി സോനോവാൾ ഗൊഗോയിയും 9-ാം ക്ലാസിൽ പഠിക്കുന്ന മകളും കൊലപാതകം ആസൂത്രണം ചെയ്യുന്നതിൽ പങ്കാളികളാണെന്ന് പൊലീസ് പറഞ്ഞു
പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാൻ അവർ സ്വർണവും പണവും മാറ്റിവെച്ചു. പക്ഷേ, അതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു. ഫോറസിക് പരിശോധനയിൽ കുറ്റവാളികളുടെ പങ്കാളിത്തം തെളിയുക്കുന്നതായി ദിബ്രുഗഡ് സീനിയർ പോലീസ് സൂപ്രണ്ട് എസ്എസ്പി രാകേഷ് റെഡിയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഉത്തം ഗൊഗോയുടെ കൊലപാതകം അവർ താമസിച്ചിരുന്ന പ്രദേശത്ത് വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. കൂടാതെ ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തക്കതായ ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിലുള്ള കാരണമെന്താണ് എന്ന് കണ്ടെത്തുന്നതിനായുള്ള ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.