

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയെ ഞെട്ടിച്ച് കൂട്ടകൊലപാതകം. ചന്ദന്‍ പാര്‍ക്ക് റസിഡന്‍ഷ്യല്‍ കോളനിയില്‍ താമസിക്കുന്ന യുവതിയെയും മൂന്ന് കുട്ടികളെയുമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
ഇന്ന് പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. വീടിനകത്തെ മുറിയില്‍ അയല്‍വാസികളാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. രാവിലെ എട്ട് മണിയോടെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി.
അനിത എന്ന യുവതിയും അഞ്ചും മൂന്നും രണ്ടും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി അനിതയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കമാകാം കൊലപാതകത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. ഇരുവരും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് ബന്ധുക്കളും അയല്‍വാസികളും പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവിനെ ആരും കണ്ടിട്ടില്ല. ഇയാളെ കണ്ടെത്താന്‍ നോര്‍ത്ത് ഡല്‍ഹി പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കുകയാണ്. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.