ഡൽഹി: ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയമാക്കിയ എൻസിഇആർടി നടപടിക്കെതിരെ സുപ്രീം കോടതി. എട്ടാം ക്ലാസിലെ പുതിയ സോഷ്യൽ സയൻസ് പാഠപുസ്തകത്തിലാണ് എൻസിഇആർടി ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയമാക്കിയത്. വിവാദ പാഠഭാഗം ഉള്‍പ്പെടുത്തിയ നടപടി കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും പുസ്തകം ഭരണഘടനയുടെ അടിസ്ഥാനഘടനയ്ക്ക് വിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിയിലെ അഴിമതി, ജഡ്ജിമാരുടെ കുറവ്, സങ്കീർണ്ണമായ നിയമനടപടികൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നീ കാരണങ്ങളാൽ കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ കണക്ക് എന്നിവയാണ് പാഠഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. നീതിന്യായ സംവിധാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ അനുവദിക്കില്ലെന്നും എൻസിഇആർടിയുടെ നടപടി കടുത്ത അസ്വസ്ഥതയുണ്ടാക്കിയെന്നും കോടതി പറഞ്ഞു.
ജഡ്ജിമാരും അഭിഭാഷകരും ഒരുപോലെ അസ്വസ്ഥരാണ്. എൻസിഇആർടിയുടെ നടപടി നടപടി കടുത്ത അസ്വസ്ഥതയുണ്ടാക്കി എന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, ഇതെങ്ങനെ കൈകാര്യം ചെയ്യാമെന്ന് തനിക്ക് അറിയാമെന്നും വ്യക്തമാക്കി. സുപ്രീം കോടതി (81,000), ഹൈക്കോടതികൾ (62,40,000), ജില്ലാ, സബോർഡിനേറ്റ് കോടതികൾ (4,70,00,000) എന്നിവിടങ്ങളിലെ കെട്ടിക്കിടക്കുന്ന കേസുകളുടെ ഏകദേശ എണ്ണം പുസ്തകത്തിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ദുഃഖകരമെന്നു പറയട്ടെ, ജുഡീഷ്യറിക്കുള്ളിൽ പോലും അഴിമതിയും ദുഷ്‌പെരുമാറ്റവും ഉയർന്നുവന്നിട്ടുണ്ട്. അത്തരം സംഭവങ്ങൾ പൊതുജന വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നു", എന്ന മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ വാക്കുകളും പാഠഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.