മുംബൈ: ആൺസുഹൃത്തിനൊപ്പം ഒളിച്ചോടുന്നതിനായി സ്വന്തം വീട്ടിൽ നിന്ന് സ്വർണം കവരുകയും ഭർത്താവിനെ കുടുക്കാൻ ശ്രമിക്കുകയും ചെയ്ത യുവതി പിടിയിൽ. പത്ത് ലക്ഷത്തിൻ്റെ സ്വർണമാണ് മുംബൈയിലെ ഗോരേഗാവ് ഈസ്റ്റിലെ സ്വന്തം വീട്ടിൽ നിന്നും ഊർമിള എന്ന യുവതി കവർന്നത്. സ്വർണം കവർന്നതിന് പിന്നാലെ കേസ് ഭർത്താവായ ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ജീവനക്കാരൻ രമേശ് ധോണ്ടു ഹാൽദീവിൻ്റെ തലയിൽ കെട്ടിവയ്ക്കാനും യുവതി ശ്രമം നടത്തി.
ഊർമിള ഒരു ദിവസം തൻ്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷത്തോളം വില വരുന്ന സ്വർണം കാണാതായെന്ന് രമേശിനോട് പറഞ്ഞു. പിന്നാലെ രമേശാണ് സ്വർണം കവർന്നതെന്ന് ആരോപിക്കുകയും ദിൻദോഷി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, കേസിൽ അന്വേഷണം നടത്തിയ പൊലീസ് വീട്ടിൽ അതിക്രമിച്ച് കയറിയതിൻ്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് വീട്ടുകാരുടെ ഫോൺ ലൊക്കേഷനുകളും കാൾ റെക്കോർഡുകളും പൊലീസ് പരിശോധിച്ചു.
അന്വേഷണത്തിൽ ഊർമിള നിരന്തരം മറ്റൊരാളുമായി സംസാരിച്ചിരുന്നതായി കണ്ടെത്തി. ഇത് ഊർമിളയുടെ ആൺസുഹൃത്താണെന്നും, ഇയാളോടൊപ്പം ഊർമിള ഒളിച്ചോടാൻ തീരുമാനിച്ചിരുന്നതായും കണ്ടെത്തി. ഊർമിള സ്വർണമെടുത്ത് വിൽക്കുകയും പത്ത് ലക്ഷം രൂപ ആൺസുഹൃത്തിൻ്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തതായി പൊലീസ് പറയുന്നു.
ഊർമിളയ്ക്ക് 18 വയസുകാരി മകളുടെ ആൺസുഹൃത്തുമായും ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. ഇയാളുടെ അക്കൗണ്ടിലേക്കും ഉർമിള പണം ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. ഇരുവരെയും കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണം കവർന്നതായി ഊർമിള സമ്മതിച്ചു. ഭർത്താവിനെ മോഷണക്കേസിൽ കുടുക്കി ആൺസുഹൃത്തിനൊപ്പം ഒളിച്ചോടാനായിരുന്നു ശ്രമമെന്നും ഊർമിള സമ്മതിച്ചിട്ടുണ്ട്.