തിരുവനന്തപുരം: നഗരത്തിൽ 18കാരനെ കുത്തിക്കൊന്നു. സ്കൂൾ കുട്ടികൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ യുവാക്കൾ നടത്തിയ ചർച്ചയാണ് അരുംകൊലയിൽ കലാശിച്ചത്. രാജാജിനഗർ- തോപ്പമുക്ക് സ്വദേശി അലനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തൈക്കാട് ക്ഷേത്രത്തിന് പുറകുവശത്ത് വച്ചായിരുന്നു കൊലപാതകം. യുവാക്കൾ തമ്മിലുള്ള വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഹൃദയഭാഗത്തുണ്ടായ ഒറ്റക്കുത്തിൽ അലന് ജീവൻ നഷ്ടമായി. കാപ്പാ കേസ് പ്രതിയായ ആളാണ് അലനെ കുത്തിയതെന്നാണ് സൂചന. യുവാവിൻ്റെ മൃതദേഹം തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് കോളേജിലേക്ക് കൊണ്ടുപോയി.
വിദ്യാർഥികൾ തമ്മിലുണ്ടായ കൂട്ടയടിക്കിടെയാണ് യുവാവിനെ കുത്തേറ്റതെന്ന് ദൃക്സാക്ഷി ന്യൂസ് മലയാളത്തോട് പറഞ്ഞു. മുപ്പതിലധികം വിദ്യാർഥികൾ തമ്മിലായിരുന്നു അടിപിടി ഉണ്ടായത്. ഇതിനിടെയാണ് യുവാവിന് കുത്തേറ്റതെന്നും, സംഭവത്തിന് പിന്നാലെ അലനെ സുഹൃത്തുക്കൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നെന്നും ദൃക്സാക്ഷി ന്യൂസ് മലയാളത്തോട് പറഞ്ഞു.