തിരുവനന്തപുരം: കംഫർട്ട് സ്റ്റേഷൻ ജീവനക്കാരന് ക്രൂരമർദനം. വാഷ്ബേസിനിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദനം. ചിറയിൻകീഴ് സ്വദേശികളായ രണ്ട് യുവാക്കൾ ചേർന്ന് റോയിയുടെ തലയിൽ ബിയർ കുപ്പി കൊണ്ട് അടിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. മദ്യപിച്ചെത്തിയ ചിറയിൻകീഴ് സ്വദേശികളായ നിതിൻ, ജോയ് എന്നിവർ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിനുള്ളിലെ കംഫർട്ട് സ്റ്റേഷനിലെ വാഷ്ബേസിനിൽ മൂത്രമൊഴിച്ചത് ജീവനക്കാരൻ ചോദ്യം ചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടായി.
ഇത് ഫോട്ടോയെടുത്ത് പൊലീസിൽ പരാതി നൽകുമെന്ന് റോയ്, നിതിനോടും ജോയിയോടും പറഞ്ഞു. ഇതോടെ രണ്ടുപേരും ചേർന്ന് ജീവനക്കാരന്റെ തലയിൽ ബിയർ കുപ്പിയെടുത്ത് അടിക്കുകയായിരുന്നു.
ആക്രമണം നടത്തിയ ശേഷം കടന്നുകളഞ്ഞ ചിറയിൻകീഴ് സ്വദേശികളെ വെള്ളിയാഴ്ച ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് പിടികൂടി. നിതിനെയും ജോയിയെയും മെഡിക്കൽ കേളേജ് ബസ് സ്റ്റാൻഡിനുള്ളിലെ കംഫർട്ട് സ്റ്റേഷനിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
സ്വകാര്യ ബസ് ജീവനക്കാരാണ് അറസ്റ്റിലായ പ്രതികൾ. നിതിൻ ക്രിമിനൽ കേസുകളിലുൾപ്പെടെ പ്രതിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ റോയി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.