കാഫിർ വിവാദം: എൽഡിഎഫിൽ പ്രതിസന്ധി; പാർട്ടിക്കുള്ളിൽ ചേരിപ്പോര് ആരംഭിക്കുമെന്ന് സൂചന

പോസ്റ്റ് പങ്കുവെച്ച കെ.കെ. ലതികയ്‌ക്കെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വടകര സ്ഥാനാർത്ഥിയുമായ കെ.കെ. ഷൈലജ രംഗത്ത് വന്നതോടെയാണ് വിഷയം പാർട്ടി തലത്തിൽ വീണ്ടും ചർച്ചയാകുന്നത്
കാഫിർ വിവാദം: എൽഡിഎഫിൽ പ്രതിസന്ധി; പാർട്ടിക്കുള്ളിൽ ചേരിപ്പോര് ആരംഭിക്കുമെന്ന് സൂചന
Published on

കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എൽഡിഎഫിൽ പ്രതിസന്ധി. പോസ്റ്റ് ഷെയർ ചെയ്ത ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ ന്യായീകരിച്ച്, ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത് വന്നതോടെ, വിഷയത്തിൽ പാർട്ടിക്കുള്ളിൽ ചേരിപ്പോര് ആരംഭിക്കുമെന്നാണ് സൂചന. സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി സിപിഐ രംഗത്തെത്തിയിരുന്നു. ഒപ്പം വിവാദത്തിൽ സിപിഎം ഉന്നത നേതാക്കൾക്ക് ബന്ധമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ പറഞ്ഞു. 

പോസ്റ്റ് പങ്കുവെച്ച കെ.കെ. ലതികയ്‌ക്കെതിരെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വടകര സ്ഥാനാർത്ഥിയുമായ കെ.കെ. ഷൈലജ രംഗത്ത് വന്നതോടെയാണ് വിഷയം പാർട്ടി തലത്തിൽ വീണ്ടും ചർച്ചയാകുന്നത്. കെ.കെ. ഷൈലജയ്ക്ക് പിന്തുണ നൽകി സിപിഐ രംഗത്തെത്തി. തെരഞ്ഞെടുപ്പിനിടയിലെ ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷ രീതിയല്ലെന്നും ജാഗ്രത പാലിക്കേണ്ടിയിരുന്നു എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു.

എൽഡിഎഫിനുള്ളിൽ നിന്നുള്ള വിമർശനം സിപിഎമ്മിന് ക്ഷീണമാകും. വടകര തോൽവി പാർട്ടിക്കുള്ളിൽ രൂക്ഷവിമർശനത്തിന് വഴിവെച്ചിരുന്നു. കാഫിർ വിവാദം  അനാവശ്യമായിരുന്നു എന്ന് ഒരു വിഭാഗം സിപിഎം നേതാക്കൾക്കും അഭിപ്രായമുണ്ട്. കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ ആരോപണം നേരിടുന്ന ഡിവൈഎഫ്ഐ നേതാവ് റിബീഷ് രാമകൃഷ്ണനെ ന്യായീകരിച്ച കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിലപാട് പുതിയ വിമർശനങ്ങൾക്ക് വഴിയൊരുക്കും. വാട്‌സ്ആപ്പിൽ ലഭിച്ച പോസ്റ്റർ ഷെയർ ചെയ്യുക മാത്രമാണ് റിബീഷ് ചെയ്തതെന്നും പോസ്റ്റർ നിർമിച്ചയാളെ കണ്ടെത്തണമെന്നുമാണ് ഡിവൈഎഫ്ഐയുടെ പക്ഷം. വ്യാജ പ്രചരണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പാർട്ടി പറഞ്ഞു.


അതേസമയം, വിവാദത്തിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് കൊണ്ട് കോൺഗ്രസ്സ് രംഗത്തെത്തി. കാഫിർ വിവാദത്തെ മുൻനിർത്തി സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസ് നീക്കം. വടകരയിൽ കോൺഗ്രസ് വർഗീയ പ്രചാരണം നടത്തിയെന്ന എൽഡിഎഫ് പ്രചാരണത്തെ പ്രതിരോധിക്കാനുള്ള സുവർണാവസരമായാണ് കാഫിർ വിവാദത്തെ കോൺഗ്രസ് വിലയിരുത്തുന്നത്. വിവാദത്തിൽ സിപിഎമ്മിലെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com