ഡൽഹി കോച്ചിങ് സെൻ്റർ അപകടം:
അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ച് ആഭ്യന്തര മന്ത്രാലയം

ഡൽഹി കോച്ചിങ് സെൻ്റർ അപകടം: അന്വേഷണത്തിന് പ്രത്യേക സമിതി രൂപീകരിച്ച് ആഭ്യന്തര മന്ത്രാലയം

ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമിതി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
Published on

ഡൽഹി സിവിൽ സർവീസ് കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ വെള്ളം കയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചു. സമിതി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. പ്രത്യേക സമിതി അപകടത്തിൻ്റെ കാരണം കണ്ടെത്തുകയും, പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും, പോളിസി മാറ്റങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭവന, നഗരകാര്യ മന്ത്രാലയത്തിൻ്റെ അഡീഷണൽ സെക്രട്ടറി, ഡൽഹി സർക്കാരിൻ്റെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി, ഡൽഹി സ്പെഷ്യൽ പൊലീസ് കമ്മീഷണർ തുടങ്ങിയവർ അടങ്ങുന്നതാണ് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതി.

ഡല്‍ഹി കരോള്‍ബാഗില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയിലാണ് റാവൂസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളിനുള്ളില്‍ വെള്ളം കയറിയത്. ശക്തമായ മഴയില്‍ റോഡിലൂടെ ഒലിച്ചെത്തിയ വെള്ളം കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ഥികള്‍ ഈ സമയം ലൈബ്രറിക്കുള്ളില്‍ ഉണ്ടായിരുന്നു. എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍ അടക്കം മൂന്ന് പേരാണ് ദുരന്തത്തില്‍ മരിച്ചത്.

അപകടത്തിൽ പൊലീസ് ഏഴ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. കെട്ടിട ഉടമയും കോച്ചിങ് സെന്റര്‍ കോര്‍ഡിനേറ്ററും അടക്കമുള്ളവരാണ് അറസ്റ്റിലായത്.

News Malayalam 24x7
newsmalayalam.com