
അവഗണനയുടെ നേർക്കാഴ്ചയാവുകയാണ് പാലക്കാട് കരിമ്പുഴ ആറ്റശേരിയിലുള്ള ഖാദി നെയ്ത്ത് കേന്ദ്രം. ചോർന്നൊലിച്ച് അപകടാവസ്ഥയിലായ കെട്ടിടത്തിലാണ് നെയ്ത്ത് കേന്ദ്രം പ്രവർത്തിക്കുന്നത്. കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥ കാരണം ഇവിടുത്തെ തൊഴിലാളികളും വലിയ ദുരിതത്തിലാണ്.
നെയ്ത്തിനും നൂൽനൂൽപ്പിനുമായി രണ്ട് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. രണ്ടു കെട്ടിടങ്ങളുടെയും അവസ്ഥ വളരെ മോശമാണ്. മഴ പെയ്താൽ കെട്ടിടം ചോർന്നൊലിക്കുകയും, യന്ത്രസാമഗ്രികൾ ഒരിടത്തുനിന്നും നിന്നും മറ്റൊരു ഇടത്തേക്ക് മാറ്റി സ്ഥാപിക്കേണ്ട അവസ്ഥയുമാണ് നിലവിലുള്ളത്. ജീവനക്കാർക്കുൾപ്പെടെ കെട്ടിടത്തിൻ്റെ ചുമരിൽ നിന്നും ഷോക്കേൽക്കുന്നതും പതിവാണ്.
1984ലാണ് ഇവിടെ കെട്ടിടം പണിയുന്നത്. ഇത്ര കാലം പിന്നിട്ടിട്ടും, യാതൊരുവിധത്തിലുള്ള അറ്റകുറ്റ പണികളും ചെയ്തിട്ടില്ല. മഴപെയ്താൽ കേന്ദ്രത്തിനു മുന്നിൽ വെള്ളക്കെട്ടും പതിവാണ്. രണ്ട് കെട്ടിടങ്ങളിലുമായി 28 സ്ത്രീകളാണ് ജോലി ചെയ്യുന്നത്. 40 വർഷത്തോളമായി സ്ഥിരമായി ജോലി ചെയ്യുന്നവരുൾപ്പെടെയുള്ള ജീവനക്കാർക്ക് 13 മാസമായി വേതനം ലഭിച്ചിട്ടില്ല എന്ന പരാതിയുമുണ്ട്.
ഒരേക്കർ സ്ഥലം ഇവിടെയുണ്ട്, ഇവിടെ പുതിയ കെട്ടിടം നിർമ്മിച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി, ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കി നൽകണം എന്ന ആവശ്യം തൊഴിലാളികൾക്കിടയിൽ ശക്തമാണ്.