
ബംഗ്ലാദേശ് പ്രക്ഷോഭങ്ങൾക്കിടെ മുൻ ക്രിക്കറ്റ് താരവും പാർലമെൻ്റ് അംഗവുമായ മഷ്റഫി മൊർത്താസയുടെ വീടിന് അക്രമികൾ തീയിട്ടതായി പരാതി. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയും പലായനവും രാജ്യന്തര തലത്തിൽ ചർച്ചയായിരിക്കെയാണ് ഈ വാർത്തയും പുറത്തുവന്നത്. നരെയ്ൽ നിയോജക മണ്ഡലത്തിലെ ഗുൽന ഡിവിഷനിൽ നിന്നുള്ള പാർലമെൻ്റ് എംപി കൂടിയാണ് മൊർത്താസ.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗിൻ്റെ കീഴിലാണ് അദ്ദേഹം മത്സരിച്ച് പാർലമെൻ്റിലെത്തിയത്. ഇത് രണ്ടാം തവണയാണ് മൊർത്താസ ഇതേ മണ്ഡലത്തിൽ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെടുന്നത്. മുൻ ബംഗ്ലാദേശി ക്രിക്കറ്റുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമസംഘം വീട് തല്ലിത്തകർക്കുകയും ശേഷം തീയിടുകയുമായിരുന്നു. അവാമി പാർട്ടി പ്രസിഡൻ്റായ സുഭാഷ് ചന്ദ്ര ബോസിൻ്റെ വീട് തല്ലിതകർത്തതായും ബംഗ്ലാദേശിലെ പ്രാദേശിക പത്രമായ ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
എല്ലാ ഫോർമാറ്റുകളിലുമായി 117 മത്സരങ്ങളാണ് താരം ബംഗ്ലാദേശിനായി കളിച്ചത്. 390 അന്താരാഷ്ട്ര വിക്കറ്റുകളും 2995 മൊർത്താസ നേടിയിട്ടുണ്ട്. 36 ടെസ്റ്റുകളും, 220 ഏകദിനങ്ങളും, 54 ടി20കളും അദ്ദേഹം കളിച്ചിട്ടുണ്ട്.