
ഇറാൻ തങ്ങൾക്ക് നേരെ ആക്രമണം നടത്തിയാൽ സഖ്യകക്ഷികൾ തിരിച്ചടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇസ്രയേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ്. വെള്ളിയാഴ്ച രാജ്യം സന്ദർശിക്കാനെത്തിയ ഫ്രഞ്ച്, ബ്രിട്ടീഷ് സഹമന്ത്രിമാരോടാണ് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ഇസ്രയേലിനെ ഇറാൻ ആക്രമിക്കുകയാണെങ്കിൽ അവരെ തിരികെ ആക്രമിക്കുന്നതിന് തൻ്റെ രാജ്യം പിന്തുണ പ്രതീക്ഷിക്കുന്നുവെന്ന് കാറ്റ്സ് അറിയിച്ചു.
“ഇറാൻ ആക്രമിക്കുകയാണെങ്കിൽ പ്രതിരോധത്തിൽ മാത്രമല്ല, ഇറാനിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കുന്നതിലും സഖ്യം ഇസ്രയേലിനൊപ്പം ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” കാറ്റ്സ് ഇസ്രയേൽ സന്ദർശനത്തിനിടെ സഖ്യകക്ഷി രാജ്യങ്ങളുടെ പ്രതിനിധികളോട് ആവശ്യപ്പെട്ടു.
അതേസമയം, വ്യാഴാഴ്ച അധിനിവേശ വെസ്റ്റ് ബാങ്ക് പട്ടണമായ ജിറ്റിൽ, ഇസ്രയേൽ കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തെ ഫ്രാൻസിൻ്റെ വിദേശകാര്യ മന്ത്രിയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും അപലപിച്ചു. ബ്രിട്ടൻ്റെ ഡേവിഡ് ലാമിക്കൊപ്പം ജറുസലേമിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവേ ജിറ്റിലെ സാഹചര്യത്തെ ഫ്രാൻസ് അപലപിക്കുന്നതായി സ്റ്റെഫാൻ സെജോൺ പറഞ്ഞു.
“ഒറ്റരാത്രി കൊണ്ട് കെട്ടിടങ്ങൾക്ക് തീയിടുന്നതും കത്തിക്കുന്നതും, കാറുകൾക്ക് നേരെ സ്ഫോടക വസ്തുക്കൾ എറിയുന്നതുമായ ആക്രമണ ദൃശ്യങ്ങൾ, ആളുകളെ അവരുടെ വീടുകളിൽ നിന്ന് പിന്തുടരുന്നതിൻ്റെയും ദൃശ്യങ്ങൾ വെറുപ്പുളവാക്കുന്നതാണ്. അതിനെ ശക്തമായി അപലപിക്കുന്നു,” ലാമി പറഞ്ഞു.
ഇസ്രയേൽ സൈന്യം ഒരു പലസ്തീനിയെ കൊല്ലുകയും മറ്റൊരാളെ വെടിവെക്കുകയും ചെയ്തിരുന്നു. നെഞ്ചിൽ വെടിയേറ്റ നിലയിൽ ഗുരുതരമായ പരുക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.