നേപ്പാളിൽ സർക്കാരിനെതിരായ ജെൻ സി പ്രതിഷേധം തുടരുകയാണ്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പ്രതിഷേധം രൂക്ഷമായതോടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാം ചന്ദ്ര പൗഡേലും പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും രാജിവെച്ചിരുന്നു. നേപ്പാൾ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ തന്നെ നിരവധി വ്യാജ വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രതിഷേധക്കാർ പൊലീസിനെ വടികൊണ്ട് ആക്രമിക്കുകയും കല്ലെറിയുകയും ചെയ്യുന്നതായുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. "നേപ്പാളിൽ പാർലമെന്റിന് തീയിട്ടു. സൈന്യത്തെ മർദിക്കുന്നു. ഇത്തരത്തിലുള്ള ആവിഷ്കാര സ്വാതന്ത്ര്യം ജെൻ സി പ്രതിഷേധക്കാർക്ക് ആവശ്യമുണ്ടോ? എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്താണ് ഇതിൻ്റെ വസ്തുത.
വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ സുരക്ഷാ ഉപകരണങ്ങളിൽ എഴുതിയിരിക്കുന്നത് പൊലീസ് എന്നല്ല മറിച്ച് പൊലീസി എന്നാണെന്ന് കണ്ടെത്തി. ഇന്തോനേഷ്യയിൽ പോലീസിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണിതെന്നും പരിശോധനയിൽ കണ്ടെത്തി. കൂടാടെ ഈ ഉപകരണങ്ങൾ ഇരു രാജ്യങ്ങളിലെയും പോലീസ് സേന ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി താരതമ്യം ചെയ്തപ്പോഴും അത് നേപ്പാൾ പൊലീസിൻ്റേതല്ല മറിച്ച് ഇന്തോനേഷ്യൻ പൊലീസിന്റേതാണെന്ന് വ്യക്തമായി.
കൂടുതൽ സ്ഥിരീകരണത്തിനായി വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ഓഗസ്റ്റ് 30ന് യൂട്യൂബിൽ അപ്‌ലേഡ് ചെയ്ത ഒരു വീഡിയോ ലഭിച്ചു. 'POLISI VS MASSA PANDEMO GEGER GEDEN' എന്ന ഇന്തോനേഷ്യൻ തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലഭിച്ച വിവരങ്ങൾ ഉപയോഗിച്ചുള്ള കീവേർഡ് പരിശോധനയിൽ ഓഗസ്റ്റ് 31ന് അൽ ജസീറ പ്രസിദ്ധീകരിച്ച വാർത്ത ലഭിച്ചു. നിയമനിർമാതാക്കൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്ന പുതിയ തീരുമാനത്തിനെതിരെ ഇന്തോനേഷ്യയിലുടലെടുത്ത പൊതുജന പ്രതിഷേധചത്തെപ്പറ്റിയാണ് വാർത്തയിലുള്ളത്. അതായത് പ്രചരിക്കുന്ന വീഡിയോ നേപ്പാളിൽ നിന്നുള്ളതല്ലെന്ന് വ്യക്തം.