വയനാട്ടിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ സിപ്പ് ലൈൻ പൊട്ടിയുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയുള്ള ഈ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. കുഞ്ഞുമായി യുവതി സിപ്പ് ലൈനിൽ പോകാൻ തയ്യാറാകുന്നതിനിടെ ലൈൻ പൊട്ടുന്നതും ഇവർക്കൊപ്പം ഉണ്ടായിരുന്ന ഗൈഡ് താഴേക്ക് വീഴുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ എന്ന തരത്തിലാണ് വീഡിയോ വൈറലാകുന്നത്. എന്താണ് ഇതിൻ്റെ വസ്തുത.
സിസിടിവി ദൃശ്യങ്ങൾ എന്ന് തോന്നിപ്പിക്കാനായി വീഡിയോയിൽ ഒക്ടോബർ 27 എന്ന തീയതിയും സമയവും കാണാം. വീഡിയോ സൂക്ഷമമായി നിരീക്ഷിക്കുമ്പോൾ തന്നെ ആധികാരികതയിൽ സംശയം തോന്നിക്കുന്ന ചില പൊരുത്തക്കേടുകൾ കാണാം. സിപ്പ് ലൈനിൽ സേഫ്റ്റി പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. എന്നാൽ വീഡിയോയിലുള്ള യുവതിയും കുട്ടിയും ഹെൽമെറ്റ് പോലെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണുള്ളത്. കേബിൾ പൊട്ടി വീഴുന്നതായി കാണുന്ന ദൃശ്യങ്ങളിലും ചില അപാകതകൾ ഉണ്ട്.
‘wildeye’ എന്നൊരു വാട്ടർമാർക്കും പ്രചരിക്കുന്ന വിഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിലെ ഇതേ വാട്ടർമാർക്കോടെ വിഡിയോകൾ പങ്കുവച്ചിട്ടുള്ള ‘wildeye543’ എന്ന പേരിൽ ഒരു കണ്ടൻ്റ് ക്രിയേറ്ററുടെ അക്കൗണ്ട് കണ്ടെത്തി. എന്നാൽ, വൈറൽ വിഡിയോ ഇതിൽ പങ്കുവച്ചിട്ടുള്ളതായി നിലവിൽ കാണുന്നില്ല.
തുടർന്ന് ഇതു സംബന്ധിച്ച സ്ഥിരീകരണത്തിനായി വയനാട് ടൂറിസം വകുപ്പിന്റെ ഓഫീസുമായി ബന്ധപ്പെട്ടപ്പോഴും വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെവിടെയും ഇത്തരത്തിൽ ഒരു അപകടവും നടന്നിട്ടില്ലെന്നും സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്നും വ്യക്തമാക്കി. പ്രചരിക്കുന്ന ദൃശ്യങ്ങൾ എഐ നിർമിച്ചതാണോ എന്ന് നോക്കാനായി എഐ ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും വീഡിയോ 96 ശതമാനവും നിർമിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന ഫലമാണ് ലഭിച്ചത്. അതായത് പ്രചരിക്കുന്ന ദൃശ്യങ്ങൾ വ്യാജമാണെന്ന് വ്യക്തം.