
നാഷണല്‍ കേഡറ്റ് കോർപ്സി(എന്‍സിസി) ന്‍റേതെന്ന വ്യാജേന സംഘടിപ്പിച്ച ക്യാംപിൽ പങ്കെടുത്ത 13 പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പൊലീസ്. തമിഴ്നാട് കൃഷ്ണഗിരിയില്‍ നടന്ന ക്യാംപിന്‍റെ സംഘാടകരായ സ്കൂള്‍ പ്രിന്‍സിപ്പല്‍, രണ്ട് അധ്യാപകര്‍, കറസ്പോണ്ടന്‍റ് എന്നിവരടക്കം 11 പേർ അറസ്റ്റിലായി.
അന്വേഷണത്തില്‍, ക്യാമ്പ് സംഘടിപ്പിച്ച സ്വകാര്യ സ്കൂളില്‍ ഔദ്യോഗികമായി എന്‍സിസി യൂണിറ്റില്ലെന്ന് തെളിഞ്ഞു. ഇത്തരത്തിലൊരു ക്യാംപ് സംഘടിപ്പിച്ചാല്‍ എന്‍സിസി യൂണിറ്റ് തുടങ്ങാന്‍ യോഗ്യത ലഭിക്കുമെന്ന് സംഘാടകര്‍ സ്കൂള്‍ മാനേജ്മെന്‍റിനെ ബോധ്യപ്പെടുത്തുകയായിരുന്നു എന്നുമാണ് പോലീസ് പറയുന്നത്.
ഈ മാസം ആദ്യം സംഘടിപ്പിച്ച ത്രിദിന ക്യാംപില്‍ 17 പെണ്‍കുട്ടികളടക്കം 41 പേരാണ് പങ്കെടുത്തത്. സ്കൂള്‍ ഓഡിറ്റോറിയത്തിന്‍റെ ഒന്നാം നിലയിലായിരുന്നു പെണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്. ആണ്‍കുട്ടികള്‍ക്ക് താഴത്തെ നിലയിലും. ക്യാമ്പിന്‍റെ മേല്‍നോട്ടത്തിനായി അധ്യാപകരെ നിയോഗിച്ചിരുന്നില്ല. ഓഡിറ്റോറിയത്തിന്‍റെ വെളിയിലേക്ക് എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടികളുടെ ആരോപണം. ലൈംഗിക പീഡനം നടന്നത് സ്കൂള്‍ അധികൃതർ അറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതെ മറച്ചു വെയ്ക്കുകയായിരുന്നു എന്ന് ജില്ലാ പൊലീസ് കമ്മീഷണർ പി തങ്കദുരൈ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികള്‍ക്ക് എതിരെ പോക്സോ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജില്ലാ ശിശു ക്ഷേമ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികളുടെ മെഡിക്കല്‍ പരിശോധന നടത്തി. ഇതിന് പിന്നാലെ സമാനമായ രീതിയില്‍ മറ്റ് സ്കൂളുകളില്‍ നടന്ന വ്യാജ എന്‍സിസി ക്യാംപുകളെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തി വരുന്നുണ്ട്.