ചൂരൽമല ദുരന്തം: അഞ്ചാം ദിനം തെരച്ചില്‍ അവസാനിപ്പിച്ചു; ഇന്ന് കണ്ടെടുത്തത് നാലു മൃതദേഹങ്ങള്‍

ആറു സോണുകളായി നടത്തിയ രക്ഷാദൗത്യത്തില്‍ 1264 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്
ചൂരൽമല ദുരന്തം: അഞ്ചാം ദിനം തെരച്ചില്‍ അവസാനിപ്പിച്ചു; ഇന്ന് കണ്ടെടുത്തത് നാലു മൃതദേഹങ്ങള്‍
Published on

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള അഞ്ചാം ദിവസത്തെ തെരച്ചിൽ പൂര്‍ത്തിയായി. ഇന്ന് (ശനി) നടത്തിയ തെരച്ചിലില്‍ നാലു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ മൂന്നു മൃതദേഹങ്ങള്‍ നിലമ്പൂര്‍ ചാലിയാര്‍ പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. ചാലിയാര്‍ പുഴയില്‍ നിന്ന് 13 ശരീര ഭാഗങ്ങളും കണ്ടെടുത്തു.

98പുരുഷന്മാരും 90 സ്ത്രീകളും 31 കുട്ടികളുമടക്കം ഇതു വരെ 219 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടിട്ടുള്ളത്. ഇതില്‍ 152 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 147 ശരീര ഭാഗങ്ങളും കണ്ടെടുത്തു. 119 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി 88 പേരാണ് ചികിത്സയിലുള്ളത്. 215 പേരാണ് വിവിധ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. വയനാട് ജില്ലയില്‍ 85 ദുരിതാശ്വാസ ക്യാമ്പുകളിലായി 8908 പേരാണ് കഴിയുന്നത്.

ശനിയാഴ്ച രാവിലെ ഏഴിന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സന്നാഹങ്ങൾ ഒരുക്കിയിരുന്നു. ആറു സോണുകളായി നടത്തിയ രക്ഷാദൗത്യത്തില്‍ ല്‍ 1264 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ , ചൂരൽമല , വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദീകരിച്ചത്. ഹ്യുമന്‍ റസ്ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തി. 31 ഓളം ജെ.സി.ബി. ഹിറ്റാച്ചികള്‍ വെച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.

വനാതിർത്തികൾ പങ്കിടുന്ന മേഖലകളിൽ തിരച്ചിലിനായി വനം വകുപ്പ് കൂടുതൽ പേരെ വിന്യസിച്ചു. തമിഴ്നാട് അഗ്നി രക്ഷാ സേനയുടെ അഞ്ച് ഡോഗ് സ്ക്വാഡുകളും ഇന്ന് തിരച്ചിലിന് അധികമായി ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ സൂചിപ്പാറ വെള്ളച്ചാട്ടത്തിനു സമീപമുള്ള വെള്ളക്കെട്ടില്‍ കുടുങ്ങിയ മൂന്നു പേരെ സന്നദ്ധ സേനാ പ്രവര്‍ത്തകരെ സൈന്യം ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തി. ഉരുൾപൊട്ടലിൽ പ്രദേശങ്ങളിൽ അടിഞ്ഞുകൂടിയ മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസ്സിലാക്കിയായിരിക്കും നാളെ മുതല്‍ പരിശോധന നടത്തുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com