
തൃശൂരിലെ പുലികളിക്ക് സംസ്ഥാന സർക്കാരിൻറെ അനുമതി. മുൻ വർഷത്തെ തുക അനുവദിച്ചുകൊണ്ട് പുലികളി സംഘടിപ്പിക്കാനുള്ള ഉത്തരവ് തദ്ദേശ വകുപ്പ് മന്ത്രി എം പി രാജേഷ് കോർപ്പറേഷന് കൈമാറി.
വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പുലികളി ഉപേക്ഷിക്കാൻ തൃശൂർ കോർപറേഷൻ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവ് വാങ്ങി സർവകക്ഷി യോഗത്തിൽ ചർച്ച ചെയ്തായിരുന്നു തീരുമാനം എടുത്തത്. ഇതിനെതിരെയാണ് പുലികളി സംഘങ്ങൾ മേയറെ നേരിൽക്കണ്ട് നിവേദനം നൽകിയത്. പുലികളിയുടെ മുന്നൊരുക്കങ്ങൾക്കായി ഓരോ ടീമിനും മൂന്ന് ലക്ഷത്തിലധികം രൂപ ഇതിനോടകം ചെലവായിരുന്നു.
പുലികളി ഉപേക്ഷിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടം താങ്ങാനാകില്ല. ഈ സാഹചര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണമെന്നായിരുന്നു നിവേദനത്തിലെ പ്രധാന ആവശ്യം. ഇതിനു പിന്നാലെയാണ് പുലിക്കളിക്ക് അനുമതി നൽകിയ സർക്കാർ ഉത്തരവിറക്കിയത്. നാലാം ഓണ ദിവസമായ സെപ്റ്റംബർ 18നാണ് പുലികളി നടത്താൻ നിശ്ചയിച്ചത്.