വയനാടിനായി ആക്രി പെറുക്കി, മീന്‍ വിറ്റു; ഡിവൈഎഫ്ഐ സമാഹരിച്ചത് മൂന്നേമുക്കാൽ കോടി രൂപ

വിവിധ ജോലികൾ ചെയ്താണ് 15 ദിവസം കൊണ്ട് ഡിവൈഎഫ്ഐയുടെ ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികൾ ചേർന്ന് തുക സമാഹരിച്ചത്
വയനാടിനായി ആക്രി പെറുക്കി, മീന്‍ വിറ്റു; ഡിവൈഎഫ്ഐ സമാഹരിച്ചത് മൂന്നേമുക്കാൽ കോടി രൂപ
Published on

റീ ബിൽഡ് വയനാട് പദ്ധതിയിലേക്ക് കണ്ണൂരിലെ ഡി വൈ എഫ് ഐ സമാഹരിച്ചത് മൂന്നേമുക്കാൽ കോടി രൂപ. വിവിധ ജോലികൾ ചെയ്താണ് 15 ദിവസം കൊണ്ട് ഡിവൈഎഫ്ഐയുടെ ജില്ലയിലെ 18 ബ്ലോക്ക് കമ്മിറ്റികൾ ചേർന്ന് തുക സമാഹരിച്ചത്.


കഴിഞ്ഞ രണ്ടാഴ്ചയായി ആക്രി പെറുക്കിയും മീൻ വിറ്റും വീടിൻ്റെ കോൺക്രീറ്റ് ജോലി ചെയ്തും വാട്ടർ ടാങ്ക് കഴുകിയും ദുരന്തത്തിൽ സർവ്വതും നഷ്ടമായ വയനാടിനായി ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റി സ്വരൂപിച്ചത് 3,77,12,096 രൂപയാണ്. പായസ ചലഞ്ചും ബിരിയാണി ചലഞ്ചും അച്ചാർ ചലഞ്ചും നാടൊന്നാകെ ഏറ്റെടുത്തു. തെരുവുകളിൽ തട്ടുകടയൊരുക്കി, ചുമടെടുത്തു, തെങ്ങ് കയറി നാളികേരം ശേഖരിച്ചു, ബസ് റൂട്ട് ഏറ്റെടുത്തു. അങ്ങനെ സാധ്യമായതെല്ലാം ചെയ്താണ് കണ്ണൂർ ജില്ലയിലെ വിവിധ യൂണിറ്റ്, മേഖല, ബ്ലോക്ക് കമ്മിറ്റികൾ റീബിൽഡ് വായനാടിനായി തുക സ്വരൂപിച്ചത്.


സ്വന്തം സ്വർണാഭരണങ്ങളും, ജീവനായി കൊണ്ടുനടന്ന ബൈക്കും ഒക്കെ നൽകി ആളുകൾ ഡി വൈ എഫ് ഐ യുടെ ധന സമാഹാരണത്തിന് കരുത്തായി. പെൻഷൻ തുകയും, വിവാഹത്തിന് മാറ്റിവെച്ച തുകയുമടക്കം സംഭാവനയായി നൽകി നിരവധി ആളുകൾ വയനാടിനായി ഡിവൈഎഫ്ഐക്കൊപ്പം ചേർന്നു. കണ്ണൂരിൽ നടന്ന ചടങ്ങിൽ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർ ചേർന്നാണ് സ്വരൂപിച്ച തുക ഏറ്റുവാങ്ങിയത്. ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡൻ്റ് മുഹമ്മദ്‌ അഫ്സൽ, സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com