
സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്ക് ഇനി മുതൽ ഹെൽത്ത് കാർഡ് പരിരക്ഷ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെയാണ് പദ്ധതിയുടെ ഭാഗമാക്കുന്നത്. ആരോഗ്യമേഖലയിലെ വിവിധ സംഘടനകളുമായി ചേർന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ പുതിയ സംരംഭം.
കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഹെൽത്ത് കാർഡ് പദ്ധതി നടപ്പാക്കുന്നത്. 47 ലക്ഷത്തോളം വിദ്യാർഥികളുടെയും ആരോഗ്യ വിവര ശേഖരണമാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. പിന്നാലെ സ്കൂളുകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് തുടർ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 60,000 ഡോക്ടർമാരുടെ പങ്കാളിത്തമുണ്ടാകും.
വിദ്യാർഥികളുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം, മാനസിക ആരോഗ്യം മെച്ചപ്പെടുത്താനുള്ള ഇടപെടലുകളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഈ വർഷം അവസാനത്തോടെ പദ്ധതി പൂർണ തോതിൽ പ്രാബല്യത്തിലാക്കാൻ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ കണക്കുകൂട്ടൽ.