
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് പൊലീസ്. ദുരന്തമുഖങ്ങളിലേക്ക് കാഴ്ച കാണാൻ എത്തുന്നതും ഒഴിവാക്കണമെന്നും പൊലീസ് പറഞ്ഞു.
ഡിസാസ്റ്റർ ടൂറിസം വേണ്ടെന്നും രക്ഷാപ്രവർത്തകർക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ കർശന നടപടി എടുക്കുമെന്നും, ദുരന്ത പ്രദേശത്തേക്ക് അനാവശ്യ യാത്ര പാടില്ലെന്നും പൊലീസ് പറഞ്ഞു.
അതേസമയം, കോട്ടയം ജില്ലയിൽ മഴ ശക്തമായി തുടരുന്നതുകൊണ്ടും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ,ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലെ പ്രവേശനവും ഈരാറ്റുപേട്ട വാഗമൺ റോഡിലെ രാത്രികാലയാത്രയും ഓഗസ്റ്റ് നാലുവരെ നിരോധിച്ചുകൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഉത്തരവിറക്കി. ജില്ലയിലെ ഖനനപ്രവർത്തനങ്ങൾക്കും ഓഗസ്റ്റ് നാലുവരെ വിലക്കേർപ്പെടുത്തി.
തൃശൂർ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്നും നാളെയും നിരോധനം ഏർപ്പെടുത്തി. ചാലക്കുടി മലക്കപ്പാറ വഴിയുള്ള എല്ലാ യാത്രയ്ക്കും രാത്രികാലങ്ങളിൽ ഉൾപ്പടെയാണ് നിരോധനം.
പാലക്കാട് ജില്ലയിലെ ചുരം റോഡുകളിലൂടെയുള്ള യാത്രക്കും വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. നെല്ലിയാമ്പതി ചുരം, അട്ടപ്പാടി ചുരം റോഡുകളിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ജില്ലയിലെ വെള്ളച്ചാട്ടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികൾക്കുള്ള പ്രവേശനം വെള്ളിയാഴ്ച വരെയും നിരോധിച്ചു.