

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത. തിരുവനന്തപുരവും കൊല്ലവും ഒഴികെ മുഴുവൻ ജില്ലകളിലും ഓറഞ്ച് അലേർട്ടാണ് ഉള്ളത്. തിരുവന്തപുരത്തും കൊല്ലത്തും യെല്ലോ മുന്നറിയിപ്പാണ്.
മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രത നിർദേശമുണ്ട്. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. അതേസമയം അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിൽ നിയന്ത്രിത അവധിയാണ് ഉള്ളത്.
ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് അവധി. പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂരിലും വയനാട്ടിലുമാണ് നിയന്ത്രിത അവധി.
കണ്ണൂരിൽ പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകൾക്കാണ് അവധി. ഇവിടെ പ്രൊഫഷണൽ കോളേജുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായിരിക്കും അവധി.