

തിരുവനന്തപുരം: ഹെലികോപ്റ്റർ യാത്ര വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ അടിയന്തരമായി കാണാൻ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഴയ മുഖ്യമന്ത്രി യാത്ര ചെയ്തതിനെ താൻ വിമർശിച്ചിട്ടില്ല. കൊച്ചിയിലേക്ക് പോകാൻ വന്ദേ ഭാരത് ബുക്ക് ചെയ്തിരുന്നു.
എന്നാൽ നേരത്തെ കാണേണ്ടി വന്ന സാഹചര്യത്തിലാണ് ഹെലികോപ്റ്റർ ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. താൻ പാർട്ടി സമ്മേളനത്തിൽ പോയിട്ടില്ല. ഔദ്യോഗിക ആവശ്യത്തിനാണ് പോയത്. സർക്കാരിന് ഗുണകരമാകുന്ന കാര്യത്തിനാണ് പോയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഹെലികോപ്റ്ററിൽ യാത്ര ചെയ്താലും ഇല്ലെങ്കിലും 80 ലക്ഷം കൊടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ നിക്ഷേപക ഗ്രൂപ്പിൻ്റെ പേര് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ വിഡി സതീശൻ തയ്യാറായില്ല. ഇനി അവരെ കൂടി വലിച്ചിഴക്കണോ എന്നായിരുന്നു മറുപടി. അതേസമയം പ്രളയക്കെടുതി നേരിടുമ്പോൾ താൻ ഭക്ഷണം കഴിച്ചു എന്ന പേരിൽ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾ മര്യാദകേടുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാവിലെ തന്നെ എല്ലാസ്ഥിതിഗതികളും വിലയിരുത്തിയിരുന്നു. മൂന്ന് മണിക്കാണ് താൻ ഭക്ഷണം കഴിച്ചെതന്നും അദ്ദേഹം വ്യക്തമാക്കി. 2018-ലെ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്ന് അദ്ദേഹം പരിഹസിച്ചു.
ഒരു മുഖ്യമന്ത്രി ഭക്ഷണം കഴിക്കാൻ പാടില്ലെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ഓഫീസ് നടത്തുന്നത് പറയാതെ താൻ ഭക്ഷണം കഴിച്ചത് മാത്രം വാർത്തയാക്കുന്നതിൽ എന്ത് ഔചിത്യമാണുള്ളതെന്ന് മനസിലാക്കുന്നില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.