തിരുവനന്തപുരം: 30ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ കേന്ദ്രം പ്രദർശന അനുമതി നിഷേധിച്ച സിനിമകളെല്ലാം പ്രദർശിപ്പിക്കണമെന്ന് മന്ത്രി സജി ചെറിയാൻ. ഇക്കാര്യത്തിൽ ചലച്ചിത്ര അക്കാദമിക്ക് മന്ത്രി പ്രത്യേക നിർദേശം നൽകി. രാജ്യാന്തര ചലച്ചിത്ര മേളയിൽ പലസ്തീൻ സിനിമകൾ ഉൾപ്പെടെ 19 ചിത്രങ്ങൾക്കാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നത്. പിന്നീട് ഇതിൽ നാല് ചിത്രങ്ങൾ സ്ക്രീൻ ചെയ്യാൻ അനുമതി നൽകി. ബീഫ്, വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, ഈഗ്‌ൾസ് ഓഫ് ദ റിപ്പബ്ലിക്, ഹാർട്ട് ഓഫ് ദ വൂൾഫ്, എന്നീ ചിത്രങ്ങൾക്കാണ് അനുമതി ലഭിച്ചത്.
എ പോയറ്റ്: അൺകൺസീൽഡ് പൊയട്രി, ആൾ ദാറ്റ്സ് ലെഫ്റ്റ് ഓഫ് യൂ, ബാമാകോ, ബാറ്റിൽഷിപ്പ് പൊടെംകിൻ, ക്ലാഷ്, പലസ്തീൻ 36, റെഡ് റെയിൻ, റിവർസ്റ്റോൺ, ദ അവർ ഓഫ് ദ ഫർണസസ്, ടണൽസ്: സൺ ഇൻ ദ ഡാർക്ക്, യെസ്, ഫ്ലെയിംസ്, തിംബക്തു, വാജിബ്, സന്തോഷ് എന്നീ ചിത്രങ്ങൾക്കാണ് ഇനി അനുമതി ലഭിക്കാനുള്ളത്. സാധാരണഗതിയിൽ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾക്ക് സെൻസർ അനുമതി ആവശ്യമില്ല. എന്നാൽ, കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിൽ നിന്നും സെൻസറിങ് എക്സംഷൻ സർട്ടിഫിക്കറ്റ് വാങ്ങണം. എന്നാൽ, മാത്രമേ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സാധിക്കൂ.
പലസ്തീനിൽ നിന്നുള്ള ചിത്രങ്ങളടക്കം വിലക്കിയതിന് പിന്നിൽ കേന്ദ്രത്തിന്റെ രാഷ്ട്രീയ താൽപ്പര്യമുണ്ടെന്നാണ് ആരോപണം. എന്നാൽ, സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷ നൽകാൻ വൈകിയത് കൊണ്ടാണിങ്ങനെ സംഭവിച്ചത് എന്നാണ് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന്റെ വാദം. കേന്ദ്രത്തിൽ നിന്ന് സെൻസർ ഇളവ് തേടിയ 187 ചിത്രങ്ങളിൽ 150 എണ്ണത്തിന് ആദ്യ ഘട്ടത്തിൽ തന്നെ അനുമതി ലഭിച്ചിരുന്നു. മേള പുരോഗമിക്കുന്നതിനിടെ പല ഘട്ടങ്ങളിലായി അനുമതി നൽകുകയാണ് പതിവ്. ഇക്കുറി നാലു ദിവസം പിന്നിട്ട ശേഷം 19 സിനിമകൾക്ക് ഒരുമിച്ച് അനുമതി നിഷേധിക്കുകയായിരുന്നു.
ഇതിൽ 2017ലെ ചലച്ചിത്ര മേളയിൽ സുവർണ ചകോരം നേടിയ 'വാജിബ്', 125ൽ പുറത്തിറങ്ങിയ 'ബാറ്റിൽഷിപ്പ് പൊടെംകിൻ', ഉദ്ഘാടന ചിത്രമായ 'പലസ്തീൻ 36' എന്നീ ചിത്രങ്ങളും ഉൾപ്പെടുന്നു.