
യുപിഎസ്‌സി പരീക്ഷയുടെ സമ്മര്‍ദം താങ്ങാനാവാതെ വിദ്യാര്‍ഥിനി ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിനിയായ ഈ വിദ്യാര്‍ഥിനി, ഡല്‍ഹി രാജേന്ദ്ര നഗറില്‍ താമസിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും വലിയ മത്സര പരീക്ഷയുടെ സമ്മര്‍ദം താങ്ങാനാവാതെ, 'മരിക്കുകയാണെന്ന്' കുറിപ്പെഴുതി വെച്ച ശേഷം വിദ്യാര്‍ഥിനി ജീവനൊടുക്കുകയായിരുന്നു.
പുറത്തു വന്ന വിദ്യാര്‍ഥിനിയുടെ കുറിപ്പ്, അവരനുഭവിച്ച മാനസികവും വൈകാരികവുമായ പിരിമുറുക്കം വെളിവാക്കുന്നതാണ്. പരീക്ഷാ സമ്മര്‍ദത്തിനൊപ്പം തന്നെ, സ്വകാര്യ ഹോസ്റ്റലുകളിലും, പിജി സൗകര്യങ്ങളിലും നടക്കുന്ന ചൂഷണങ്ങളെപ്പറ്റിയും കത്തില്‍ വിവരണങ്ങളുണ്ട്. ജീവനൊടുക്കും മുന്‍പ് എഴുതിയ കുറിപ്പില്‍ യുപിഎസ്‌സി പരീക്ഷയില്‍ വിജയിക്കാനാകാത്തതിന്‍റെ നിരാശയും പ്രകടമാണ്. മൂന്ന് വട്ടം ശ്രമിച്ചിട്ടും പെണ്‍കുട്ടിക്ക് പരീക്ഷയില്‍ വിജയിക്കാന്‍ സാധിച്ചിരുന്നില്ല.
"അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. ഞാന്‍ ശരിക്കും തളര്‍ന്നു... പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ. ഒരു സമാധാനവുമില്ല. ഡിപ്രഷനെ അതിജീവിക്കാനുള്ള എല്ലാ വഴികളും ഞാന്‍ ശ്രമിച്ചു. പക്ഷെ അതിജീവിക്കാന്‍ എനിക്ക് സാധിച്ചില്ല", എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്ത വിദ്യാര്‍ഥിനിയുടെ കത്തിലെ വരികള്‍ പറയുന്നു.
വിദ്യാര്‍ഥിനിയുടെ അവസാന സന്ദേശം യുപിഎസ്‌സി പരീക്ഷ എഴുതുന്നവരെ വലയ്ക്കുന്ന സംവിധാനങ്ങളോടുള്ള വിമര്‍ശനം കൂടിയാണ്. വിദ്യാര്‍ഥിനിയുടെ മരണം പരീക്ഷാ പ്രക്രിയയെപ്പറ്റി നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. വിദ്യാര്‍ഥിനി ജീവനൊടുക്കിയ ഇതേ മേഖലയിലാണ് കനത്ത മഴയില്‍ ഐഎഎസ് ട്രെയിനിങ്ങ് കേന്ദ്രത്തിന്‍റെ ബേസ്‌മെന്റില്‍ കുടുങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056)