"വിഷമിച്ചിരുന്നാല്‍ മതിയാകില്ല, നമുക്ക് അതിജീവിക്കണം": സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തി മുഖ്യമന്ത്രി

രാവിലെ 9 മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തി മുഖ്യമന്ത്രി പതാക ഉയർത്തിയത്
"വിഷമിച്ചിരുന്നാല്‍ മതിയാകില്ല, നമുക്ക് അതിജീവിക്കണം": സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തി മുഖ്യമന്ത്രി
Published on

രാജ്യത്തിൻ്റെ 78-ാമത് സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയ‍ർത്തി. രാവിലെ 9 മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തി മുഖ്യമന്ത്രി പതാക ഉയർത്തിയത്. പതാക ഉയർത്തി മുഖ്യമന്ത്രി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ദുഃഖത്തോടെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതെന്നും, എന്നാൽ വിഷമിച്ചിരുന്നാൽ മതിയാകില്ല, നമുക്ക് അതിജീവിക്കേണ്ടതുണ്ട് എന്നും പിണറായി വിജയൻ പറഞ്ഞു. നാടിന്റെ പൊതുവായ അതിജീവനത്തിനുള്ള കൂട്ടായ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുന്നതാവണം ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതി ദുരന്തങ്ങളെ മുൻകൂട്ടി പ്രവചിക്കാനും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തുന്ന വിധത്തിൽ അവക്കെതിരായ പ്രതിരോധം തീർക്കാനും രാജ്യത്തിന് കഴിയുന്നില്ല എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്. പൊതുവായ മുന്നറിയിപ്പുകൾ അല്ല, കൃത്യമായ പ്രവചനങ്ങളാണ് ദുരന്തത്തെ പ്രതിരോധിക്കാൻ ഉപകരിക്കുക. നമ്മുടെ രാജ്യത്ത് ആ നിലയ്ക്ക് ഉയരാൻ വേണ്ട ഇടപെടലുകൾ നടത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ കാലത്തിന് അനുയോജ്യമായ വിധത്തിൽ കേരളത്തെ ഒരു നവകേരളമാക്കി മാറ്റാനാണ് നമ്മൾ ശ്രമിക്കുന്നത്. ആ നവകേരളം എല്ലാവരെയും ഉൾക്കൊള്ളുന്നതും ഉൾചേർക്കുന്നതും ആയിരിക്കും. ദുരിതത്തിൽപെട്ടവരുടെ കണ്ണീരു തുടച്ചുകൊണ്ട് അവരെ കൈപിടിച്ചുയർത്തുകയും, നാടിന്റെ ഭാവിക്ക് അനുയോജ്യവും പുതിയ തലമുറ ആഗ്രഹിക്കുന്നതുമായ പദ്ധതികൾ നടപ്പാക്കുകയും വേണം. ആ നിലക്കുള്ള സമൂഹത്തിന്റെ ഒന്നാകെ ഉത്തരവാദിത്തപൂർണമായ ഇടപെടലാണ് വയനാട്ടിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com