
കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യ ലോകത്തിൻ്റെ മരുന്നുശാലയായി മാറിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ. പത്തൊൻപതാമത് ഇൻ്റർനാഷണൽ കോൺഫറൻസ് ഓഫ് ഡ്രഗ് റെഗുലേറ്ററി അതോറിറ്റീസിൻ്റെ (ICDRA) വേദിയിലാണ് ആരോഗ്യ പ്രതിരോധത്തിലും നവീകരണത്തിലും ആഗോളതലത്തിൽ രാജ്യം കൈവരിച്ചിരിക്കുന്ന മേധാവിത്തത്തെക്കുറിച്ച് ജെ.പി നദ്ദ സംസാരിച്ചത്.
ഇന്ത്യ 150ഓളം രാജ്യങ്ങളെ കോവിഡ് മഹാമാരിക്കാലത്ത് മരുന്ന്, വാക്സിൻ തുടങ്ങിയവ നൽകി സഹായിച്ചു. അത് ലോകമേ തറവാട് എന്ന് അർഥം വരുന്ന വസുധൈവ കുടുംബകം എന്ന ആശയം മുൻനിർത്തിക്കൊണ്ടാണെന്നും നദ്ദ കോൺഫറൻസിൽ പറഞ്ഞു. ഇന്ത്യ എങ്ങനെയാണ് ആരോഗ്യ സംരക്ഷണത്തിനായി അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം വിപുലീകരിച്ചതെന്നും, ആഭ്യന്തര, അന്തർദേശീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വാക്സിൻ ഉൽപ്പാദനം വർധിപ്പിച്ചതെന്നും ജെ.പി നദ്ദ എടുത്തു പറഞ്ഞു. ചടങ്ങിൽ വെച്ച് ആരോഗ്യ പ്രവർത്തകരെയും സർക്കാരിനെയും നദ്ദ പ്രശംസിച്ചു.
ആഗോള ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് രോഗ നിയന്ത്രണ രീതികൾ ചർച്ച ചെയ്യുക, അറിവ് പങ്കിടുക, സഹകരിച്ചുള്ള പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ICDRA സംഘടിപ്പിച്ചത്. ഡൽഹിയിൽ നടന്ന കോൺഫറൻസിൽ 120 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു.
ALSO READ: കോവിഡ് ഭീതി ഒഴിഞ്ഞിട്ടില്ല; വ്യാപനശേഷി കൂടിയ പുതിയ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്