ഇന്ത്യ വിശ്വസിക്കുന്നത് യുദ്ധത്തിലല്ല, സമാധാനത്തിൽ; പോളണ്ട് സന്ദർശനത്തിനിടെ യുദ്ധത്തിനെതിരെ സന്ദേശമുയർത്തി നരേന്ദ്രമോദി

ബുദ്ധൻ്റെ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും, ലോകത്തിൻ്റെയാകെ നന്മയാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു
ഇന്ത്യ വിശ്വസിക്കുന്നത് യുദ്ധത്തിലല്ല, സമാധാനത്തിൽ; പോളണ്ട് സന്ദർശനത്തിനിടെ യുദ്ധത്തിനെതിരെ സന്ദേശമുയർത്തി നരേന്ദ്രമോദി
Published on

ഇന്ത്യ യുദ്ധത്തിലല്ല, സമാധാനത്തിലാണ് വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുദ്ധൻ്റെ പാരമ്പര്യമാണ് ഇന്ത്യക്കുള്ളതെന്നും, ലോകത്തിൻ്റെയാകെ നന്മയാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി പോളണ്ടിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് യുദ്ധത്തിനെതിരെ സന്ദേശമുയർത്തിയത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാർസോയിലെ സൈനിക വിമാനത്താവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് പോളിഷ് സേന സ്വീകരിച്ചത്. 45 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്‍റെ എഴുപതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മോദിയുടെ പോളണ്ട് സന്ദർശനം. പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.

വൈകിട്ടോടെ നരേന്ദ്ര മോദി പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗം യുക്രെയിനിലേക്ക് പുറപ്പെടും. പോളണ്ടിലെ അതിർത്തി നഗരമായ ഷെംഷോയിൽ നിന്ന് പത്തു മണിക്കൂർ ട്രെയിൻ യാത്ര നടത്തിയാവും മോദി കീവിൽ എത്തുക. റഷ്യ - യുക്രൈൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ യുക്രെയ്ൻ പ്രസിഡൻ്റ് വ്ളാഡിമർ സെലൻസ്കിയുടെ ക്ഷണപ്രകാരമുള്ള മോദിയുടെ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറെയാണ്. റഷ്യ - യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നിർദേശം സെലൻസ്കിയുമായി ചർച്ച ചെയ്യുമെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com