
വെള്ളിയാഴ്ച 40 യാത്രക്കാരുമായി ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് പോയ ബസ് പുഴയിലേക്ക് മറിഞ്ഞ് 14 മരണം. നേപ്പാളിലെ തനാഹുൻ ജില്ലയിൽ വെച്ച് 40 പേരുമായി ഒരു ഇന്ത്യൻ പാസഞ്ചർ ബസ് മർസ്യാങ്ഡി നദിയിലേക്ക് മറിഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് എഎൻഐ ആണ് റിപ്പോർട്ട് ചെയ്തത്.
പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 11 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. നേപ്പാൾ സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. നിരവധി പേരെ കാണാതായിട്ടുണ്ട്. അപകടത്തിൽ എത്ര പേർക്ക് പരുക്കുണ്ടെന്ന് വ്യക്തമല്ല. നദിയിലെ ഒഴുക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.
ബസ് പുഴയോട് ചേർന്ന് നദീ തീരത്ത് കിടക്കുകയായിരുന്നെന്ന് തനാഹുണിലെ ഡിഎസ്പി ദീപ്‌കുമാർ രായ പറഞ്ഞു. യുപി എഫ്‌ടി 7623 എന്ന നമ്പർ പ്ലേറ്റുള്ള ബസാണ് നദിയിലേക്ക് മറിഞ്ഞത്. യുപിയിലെ പൊഖാറയിൽ നിന്ന് നേപ്പാളിലെ കാഠ്‌മണ്ഡുവിലേക്ക് പോവുകയായിരുന്നു ഈ ബസ്. ഉത്തർപ്രദേശുകാരായ എത്ര പേരാണ് ബസിൽ ഉണ്ടായിരുന്നതെന്ന് സംസ്ഥാന സർക്കാർ പരിശോധിക്കുന്നുണ്ട്.