
2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക ഇന്ത്യയുടെ സ്വപ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദിയുടെ വാക്കുകള്‍. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത എല്ലാ കായികതാരങ്ങളെയും പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
ജി-20 ഉച്ചകോടി പോലുള്ള വലിയ പരിപാടിക്ക് ആതിഥേയത്വം വഹിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് രാജ്യം ഇതിനകം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2036-ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക എന്നതാണ് രാജ്യത്തിന്റെ അടുത്ത സ്വപ്നം. തങ്ങള്‍ അതിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി ഈ വര്‍ഷം മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടന ചടങ്ങിലും വ്യക്തമാക്കിയിരുന്നു. ഇന്ത്യ സന്നദ്ധത അറിയിച്ചതിനു പിന്നാലെ തീരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ അറിയിക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ഒളിംപിക്സ് വേദിയാകാനുള്ള സന്നദ്ധത ഇതിനകം അറിയിച്ചിട്ടുണ്ട്. 2032 ഒളിംപിക്സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. 2028 ഒളിംപിക്സിന് ലോസ് ആഞ്ജലിസും 2032ൽ ഓസ്ട്രേലിയയും ബ്രിസ്ബെയിനുമാണ് വേദിയാകുക.
ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി 'ഗുജറാത്ത് ഒളിംപിക് പ്ലാനിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്' എന്ന കമ്പനി രൂപവത്കരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനായി ഗുജറാത്ത് സംസ്ഥാന സര്‍ക്കാര്‍ 6000 കോടി രൂപ വകയിരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അഹമ്മദാബാദ് കേന്ദ്രമാക്കി ഗെയിംസ് സംഘടിപ്പിക്കാനാണ് പദ്ധതി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്രമോദി സ്റ്റേഡിയം ഉള്‍പ്പെടുന്ന 350 ഏക്കറോളം സ്ഥലത്ത് അടിസ്ഥാനസൗകര്യം വികസിപ്പിക്കുകയാണ് ആദ്യദൗത്യം. ഇവിടെ ആറു സ്പോര്‍ട്സ് കോംപ്ലക്സുകള്‍ നിര്‍മിക്കും.