"മനുഷ്യവാസ മേഖലകളിലേക്ക് മാറണമെന്ന് ഇസ്രയേല്‍"; ഖാൻ യൂനിസില്‍ നിന്ന് കൂട്ടപ്പലായനം

നഗരത്തോടു ചേര്‍ന്നുള്ള ചില ഭാഗങ്ങളെ 'മനുഷ്യവാസ കേന്ദ്രങ്ങളായി' ഇസ്രയേല്‍ പ്രതിരോധ സേന വേര്‍തിരിച്ചിരുന്നു
"മനുഷ്യവാസ മേഖലകളിലേക്ക് മാറണമെന്ന് ഇസ്രയേല്‍"; ഖാൻ യൂനിസില്‍ നിന്ന് കൂട്ടപ്പലായനം
Published on

ഹമാസിനെതിരായ പുതിയ സൈനിക നീക്കത്തെക്കുറിച്ച് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെ ഖാന്‍ യൂനിസില്‍നിന്ന് കൂട്ട പലായനം. ആയിരക്കണക്കിന് ആളുകളാണ് ദക്ഷിണ ഗാസ നഗരത്തില്‍നിന്ന് സുരക്ഷിത മേഖല തേടി പോകുന്നത്. നേരത്തെ, നഗരത്തോടു ചേര്‍ന്നുള്ള ചില ഭാഗങ്ങളെ 'മനുഷ്യവാസ കേന്ദ്രങ്ങളായി' ഇസ്രയേല്‍ പ്രതിരോധ സേന വേര്‍തിരിച്ചിരുന്നു. ആക്രമണം കടുക്കുന്ന സാഹചര്യത്തില്‍ ഖാന്‍ യൂനിസില്‍ നിന്നുള്ളവരോട് അങ്ങോട്ടു മാറാനാണ് നിര്‍ദേശം.  


ഗാസയിൽ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന സ്കൂളിനു നേരെ ശനിയാഴ്ച ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ നൂറിലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്ന. അതേസമയം, ഹമാസ് ഒളിത്താവളം ലക്ഷ്യമിട്ടുള്ളതായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ സേനയുടെ വാദം. കഴിഞ്ഞ ദിവസവും സമാനമായി അഭയാർഥി ക്യാമ്പുകളിലേക്ക് ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.

അതേസമയം, ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ അന്താരാഷ്ട്ര മധ്യസ്ഥര്‍ ഇടപെടണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. പുതിയ ചര്‍ച്ചകള്‍ക്കും മധ്യസ്ഥതകള്‍ക്കും കാത്തിരിക്കാതെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നോട്ടുവെച്ച പഴയ വെടിനിര്‍ത്തല്‍ ധാരണ നടപ്പാക്കണം. ഓഗസ്റ്റ് 15ന് വെടനിര്‍ത്തല്‍ നടപ്പാക്കുകയും ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് ആവശ്യം. കഴിഞ്ഞവാരം, ഖത്തര്‍, ഈജിപ്ത്, യുഎസ് എന്നിവരുടെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസും വെടിനിര്‍ത്തല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഓഗസ്റ്റ് 15ന് ആരംഭിക്കുന്ന ചർച്ചയിൽ പ്രതിനിധി സംഘത്തെ കെയ്‌റോയിലേക്കോ ദോഹയിലേക്കോ അയക്കുമെന്ന് ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. ഹിസ്ബുള്ള കമാൻഡറുടെയും, ഹമാസിന്റെ രാഷ്ട്രീയ മേധാവി ഇസ്മയിൽ ഹനിയയുടെയും കൊലപാതകങ്ങൾക്ക് ശേഷമുള്ള ചർച്ച വളരെ നിർണായകമാണ്. ഗാസയ്‌ക്കെതിരായ ആക്രമണം ഇസ്രയേൽ അവസാനിപ്പിച്ചാൽ, ഇസ്രയേലിനെതിരായ ആക്രമണങ്ങളിൽ നിന്ന് പിന്മാറുമെന്ന് ഹിസ്ബുള്ളയും മേഖലയിലെ മറ്റ് ഇറാനിയൻ സഖ്യകക്ഷികളും പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com