
സമാജ്‌വാദി പാർട്ടി എംപി ജയാ ബച്ചനും രാജ്യസഭാ ചെയർപേഴ്‌സൺ ജഗ്ദീപ് ധൻഖറും തമ്മിൽ പാർലമെൻ്റിൽ നേർക്കുനേർ ഏറ്റുമുട്ടി. ജയാ ബച്ചനെ വീണ്ടും ജയാ അമിതാഭ് ബച്ചൻ എന്ന് അഭിസംബോധന ചെയ്തതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. താൻ ഒരു കലാകാരിയാണെന്നും ജയാ ബച്ചൻ എന്ന് മാത്രം അഭിസംബോധന ചെയ്താൽ മതിയെന്നും ജയാ ബച്ചൻ പറഞ്ഞു. ആ സ്വരം അംഗീകരിക്കാൻ കഴിയില്ല. ജഗ്ദീപ് ധൻഖർ മാപ്പ് പറയണമെന്നുമാവശ്യപ്പെട്ട അവർ സഭയിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു. നിങ്ങൾ ഒരു സെലിബ്രിറ്റി ആയിരിക്കാം പക്ഷെ എന്നെ പഠിപ്പിക്കേണ്ട എന്നായിരുന്നു ജഗ്ദീപ് ധൻഖറുടെ മറുപടി.
ALSO READ: ഡൽഹി മദ്യനയ കേസ്; മനീഷ് സിസോദിയയ്ക്ക് ജാമ്യം
സഭ വിട്ടിറങ്ങിയ ജയാ ബച്ചനൊപ്പം പിന്തുണയുമായി പ്രതിപക്ഷ എം പിമാരും സഭയിൽ നിന്നിറങ്ങി പോയി. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ എം പിമാർ സഭയിൽ നിന്നും ഇറങ്ങിപ്പോയത്. അതേസമയം ഇതിനു മുന്നേയും തന്നെ ജയാ അമിതാഭ് ബച്ചൻ എന്ന് വിളിക്കരുതെന്ന് ജയാ ബച്ചൻ ആവശ്യപ്പെട്ടിരുന്നു. സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിൽ അറിയപ്പെടുന്നതിനെതിരെയാണ് മുമ്പും ജയാ ബച്ചൻ പ്രതികരിച്ചത്.