സിനിമാമേഖല അഴിച്ചുപണിക്കും ആത്മ വിമർശനത്തിനും വിധേയമാകണം: കെ. സച്ചിദാനന്ദൻ

ജനങ്ങൾ നൽകിയ താരപദവി ചൂഷണത്തിനുള്ള ലൈസൻസാക്കി മാറ്റാൻ അനുവദിക്കരുതെന്നും കെ. സച്ചിദാനന്ദൻ പറഞ്ഞു
സിനിമാമേഖല അഴിച്ചുപണിക്കും ആത്മ വിമർശനത്തിനും വിധേയമാകണം: കെ. സച്ചിദാനന്ദൻ
Published on

ഹേമ കമ്മിറ്റി റിപ്പോർട്ട് ബാധിക്കുന്നത് സിനിമ ലോകത്തെ മാത്രമല്ലെന്ന് കവിയും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ. സച്ചിദാനന്ദൻ. നവോത്ഥാനത്തിനും പുരോഗമനത്തിനും ശേഷവും കേരളത്തിൽ നിലനിൽക്കുന്ന ലിംഗ വിവേചനത്തിന്റെ ആഴം റിപ്പോർട്ട് വെളിപ്പെടുത്തുന്നു. കാസ്റ്റിംഗ് കൗച്ചും, ലൈംഗിക ചൂഷണവും സിനിമ മേഖലയിലെ നിയമം ആണെന്ന നിലയിലാണ് റിപ്പോർട്ടിൽ പരാമർശിക്കുന്നത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ കർശന നടപടികൾ സ്വീകരിക്കണം. സ്ത്രീകൾക്ക് പരാതികൾ ഉന്നയിക്കാനും നീതിപൂർവ്വം പരിഹാരം ഉണ്ടാക്കാനും സ്ഥിരമായ സംവിധാനം ഒരുക്കുക എന്നതാവണം ആദ്യ നടപടി. സ്ത്രീകൾക്ക് അവിടെ നേരിട്ട് എത്തി പരാതി നൽകാൻ ആവശ്യമായ ധൈര്യം നൽകേണ്ടത് സമൂഹത്തിൻ്റെ കൂടി ഉത്തരവാദിത്തമാണ്. സിനിമാ മേഖല അഴിച്ചുപണിക്കും, ആത്മവിമർശനത്തിനും വിധേയമാവേണ്ടതുണ്ട്.

സാംസ്കാരിക മേഖലയ്ക്ക് സ്വയംഭരണ അവകാശം നൽകുമ്പോഴും നീതിക്കും നിയമത്തിനും വിധേയമായ കാര്യങ്ങൾ ആവണം അവിടെ നടക്കേണ്ടത്. സിനിമ മേഖലയിലെ നിയന്ത്രണങ്ങൾ നിയമനിർമാണത്തിലൂടെയാവണം ആരംഭിക്കേണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളും ക്രിമിനൽ കുറ്റങ്ങളെ വെളിപ്പെടുത്തുന്നു. അതിനെതിരെ തുടർനടപടികളുമായി മുന്നോട്ടു പോകാൻ പരാതിക്കാർക്ക് സൗകര്യം ഒരുക്കണം. ജനങ്ങൾ നൽകിയ താരപദവി ചൂഷണത്തിനുള്ള ലൈസൻസാക്കി മാറ്റാൻ അനുവദിക്കരുതെന്നും കെ. സച്ചിദാനന്ദൻ പറഞ്ഞു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നാലര വര്‍ഷത്തിന് ശേഷം കടുത്ത നിയമപോരാട്ടത്തിലൂടെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണം, വിവേചനം, പീഡനങ്ങള്‍, ഭീഷണി തുടങ്ങി അടിമുടി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മലയാള സിനിമയില്‍ ഒരു പവര്‍ഗ്രൂപ്പ് സജീവമാണെന്നും ഇന്‍ഡസ്ട്രിയെ നിയന്ത്രിക്കുന്നത് ഇവരാണെന്നും അടക്കമുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com