
കാഫിർ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ അഭിപ്രായം പറഞ്ഞു കഴിഞ്ഞു. സിപിഎം നിലപാട് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസ് അന്വേഷണം നടക്കുന്ന വിഷയത്തിൽ മന്ത്രി അഭിപ്രായം പറയുന്നത് ശരിയല്ലായെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ പ്രതികരിക്കാൻ ഇല്ലായെന്ന് പറഞ്ഞ മുഹമ്മദ് റിയാസ് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തില്‍ പുനരധിവാസം വേഗത്തിലാക്കുമെന്ന് പറഞ്ഞു. ക്യാമ്പുകളിലുള്ളവർക്ക് വാടക വീടുകളിലേക്ക് മാറാൻ വേഗം സൗകര്യം ഒരുക്കുന്നുണ്ട്. ചിലർ സ്വമേധയാ ബന്ധുവീടുകളിലേക്ക് പോകുന്നുണ്ട്. നിലവില്‍ ക്യാമ്പുകളിൽ ഉള്ളവർ തൃപ്തരാണ്. അവരുടെ അഭിപ്രായം കൂടി ചോദിച്ചാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി നടത്തുന്ന തെരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രിസഭ ഉപസമിതി ഇന്ന് യോഗം ചേർന്നാണ് തീരുമാനം കൈക്കൊള്ളുക. നൂറിലേറെ പേരെയാണ് ഇനിയും കണ്ടെത്താനുളളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തെരച്ചിലില്‍ പുരോഗതിയില്ലാത്തതിനാലാണ് തെരച്ചില്‍ തുടരണോ എന്ന് സര്‍ക്കാര്‍ പുനരാലോചിക്കുന്നത്. മുണ്ടക്കൈയിലും ചൂരല്‍മലയിലും പുഞ്ചിരിമട്ടത്തുമെല്ലാം തെരച്ചില്‍ നടക്കുന്നുണ്ട്.