
വയനാട്: കല്‍പ്പറ്റ സ്വദേശി ഷാരോണിന്റെ സ്റ്റാര്‍ട്ടപ്പ് ഇനി വിമാനത്താവളങ്ങളിലെ ലഗേജ് നീക്കം റോബോട്ടിലൂടെ നിയന്ത്രിക്കും. സുഹൃത്തുമായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് ബെംഗളൂരുവിലെ പ്രമുഖ ഗവേഷണ വികസന ലാബുമായി സഹകരിച്ചാണ് റോബോട്ടുകളെ നിര്‍മിക്കുക. ലഗേജ് നീക്കത്തിന് പുറമെ വ്യവസായ കേന്ദ്രങ്ങളില്‍ ഭാരം വഹിക്കുന്നതിനും റോബോട്ടുകളെ ഉപയോഗിക്കാം.
പഞ്ചാബ് ലൗലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ബിടെക് വിദ്യാര്‍ഥിയും വയനാട് സ്വദേശിയുമായ ഷാരോണ്‍ രാജസ്ഥാന്‍ സ്വദേശിനിയായ കാജല്‍ മീണയുമായി ചേര്‍ന്നാണ് കഴിഞ്ഞവര്‍ഷം സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. എയര്‍പോര്‍ട്ടുകളില്‍ ലഗേജ് നീക്കത്തിനും വ്യവസായ കേന്ദ്രങ്ങളില്‍ ഭാരം വഹിക്കുന്നതിനുമുള്ള റോബോട്ടുകളാണ് നിര്‍മിക്കുന്നത്.
ബെംഗളൂരുവിലെ പ്രമുഖ ഗവേഷണ വികസന ലാബുമായി സഹകരിച്ചാണ് റോബോട്ടുകളുടെ ഉത്പാദനം. ആദ്യഘട്ടത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റോബോട്ടും, സ്മാര്‍ട്ട് വേസ്റ്റ് ബിന്നും നിര്‍മിക്കും. ഇതിന്റെ നിര്‍മാണം അടുത്തമാസം ആരംഭിക്കും. നിര്‍മിത ബുദ്ധിയുടെയും മിഷന്‍ ലേണിങ്ങിന്റെയും സാങ്കേതിക വൈവിധ്യങ്ങള്‍ ഏകോപിപ്പിച്ചാണ് പുതിയ റോബോട്ടുകള്‍ നിര്‍മിക്കുകയെന്ന് മെക്കാനോവെബ് ഫൗണ്ടറും സിഇഒയുമായ ഷാരോണ്‍ പറഞ്ഞു.
രണ്ട് ഉത്പന്നത്തിന്റെയും ലോഞ്ചിംഗ് 2026 ജനുവരിയില്‍ നടത്താനാണ് ലക്ഷ്യം വയ്ക്കുന്നത്. കൊച്ചിയിലുള്ള പ്രമുഖ റോബോട്ടിക് സ്ഥാപനമായ ഫാബ് ലാബുമായി ഇത് സംബന്ധിച്ച കരാര്‍ ഒപ്പുവച്ചു കഴിഞ്ഞു. നിര്‍മാണ പ്രവര്‍ത്തിക്ക് മുന്നോടിയായി ഈ മാസം 28ന് മാനന്തവാടി ബ്രഹ്‌മഗിരി ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ഒ ആര്‍ കേളു ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തും. ചേര്യകൊല്ലി കുഴിവേലില്‍ ജോസ് തോമസിന്റെയും സോഫി തോമസിനെയും മകനാണ് ഷാരോണ്‍.