ട്രംപിനെ തിരിച്ച് വൈറ്റ്ഹൗസിലേക്കെത്തിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും; മുന്നറിയിപ്പുമായി കമല ഹാരിസ്
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനിൽ എതിർ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ്. ഈ തെരഞ്ഞെടുപ്പ് യുഎസിന് ഏറെ പ്രധാനപ്പെട്ടതാണ്. ട്രംപ് വിജയിച്ചു കഴിഞ്ഞാൽ അയാൾക്ക് ലഭിക്കുന്ന പ്രസിഡൻ്റ് സ്ഥാനം ഉപയോഗിച്ച് അയാൾ രാജ്യത്തെ പുറകോട്ട് വലിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.
ട്രംപ് രാജ്യത്തിൻ്റെ ഭാവി സുരക്ഷിതമാക്കാനല്ല, മറിച്ച് സ്വന്തം ഭാവി സുരക്ഷിതമാക്കാനാണ് ശ്രമിക്കുക. ട്രംപ് ഒരു കാര്യഗൗരവവുമില്ലാത്ത ആളാണ്, എന്നാൽ, ട്രംപിനെ വൈറ്റ് ഹൗസിലേക്ക് തിരികെ എത്തിക്കുന്നതിന്‍റെ പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.
അമേരിക്കയിലെ എല്ലാ ജനങ്ങളെയും പാർട്ടി, ജാതി, ലിംഗ, നിറ, ഭാഷാ ഭേദമന്യേ പരിഗണിക്കുമെന്നും, അമേരിക്കയുടെ ഭാവിക്ക് അഹോരാത്രം പ്രവർത്തിക്കുമെന്നും പറഞ്ഞുകൊണ്ടാണ് കമല ഹാരിസ് ഔദ്യോഗികമായി പ്രസിഡൻ്റ് സ്ഥാനാർഥിത്വം ഏറ്റെടുത്തത്. പാർട്ടി കൺവെൻഷൻിൽ പ്രസിഡൻ്റ് ജോ ബൈഡനെക്കുറിച്ചും കമല ഹാരിസ് സംസാരിച്ചു. ബൈഡൻ്റെ പ്രവർത്തനങ്ങൾ പ്രചോദനം നൽകുന്നതാണെന്നും, അദ്ദേഹത്തിൻ്റെ വൈസ് പ്രസിഡൻ്റാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും കമല ഹാരിസ് പറഞ്ഞു.
ദേശീയ കൺവെൻഷൻ്റെ ആദ്യ ദിനത്തിൽ തന്നെ ജോ ബൈഡൻ കമല ഹാരിസിന് പിന്തുണ നൽകി സംസാരിച്ചിരുന്നു. പ്രസിഡൻ്റ് സ്ഥാനാർഥിയായപ്പോൾ ആദ്യം എടുത്ത തീരുമാനം കമല ഹാരിസിനെ വൈസ് പ്രസിഡൻ്റ് സ്ഥാനാർഥിയാക്കുക എന്നതായിരുന്നു. ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. ഞങ്ങൾ ഉറ്റ സുഹൃത്തുക്കളാണ്. കമല ഹാരിസ് യുഎസിൻ്റെ ഏറ്റവും മികച്ച പ്രസിഡൻ്റാകും.
കുട്ടികൾ മുതൽ ലോക നേതാക്കൾ വരെ കമലയെ കുറിച്ചോർത്ത് അഭിമാനിക്കും. അവർ അമേരിക്കയുടെ ഭാവി ശോഭനമാക്കുമെന്നും, ചരിത്രത്തിൽ ഇടം പിടിക്കുമെന്നും ജോ ബൈഡൻ പറഞ്ഞു. കമല ഹാരിസിനോട് തോൽക്കാൻ ഡൊണാൾഡ് ട്രംപിന് ഭയമാണെന്ന് മുൻ പ്രസിഡൻ്റ് ബരാക്ക് ഒബാമയും കൺവെൻഷനിൽ പറഞ്ഞു. കൺവെൻഷനിൽ "എൻ്റെ പെൺകുട്ടി" എന്നാണ് മുൻ പ്രഥമ വനിത മിഷേൽ ഒബാമ കമലയെ വിശേഷിപ്പിച്ചത്.
തെരഞ്ഞെടുക്കപ്പെട്ടാൽ, യുഎസ് പ്രസിഡൻ്റാകുന്ന ആദ്യത്തെ കറുത്തവർഗക്കാരിയും ദക്ഷിണേഷ്യൻ വംശജയുമാകും കമല ഹാരിസ്. അമേരിക്കയുടെ 50 സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള തെരഞ്ഞെടുത്ത ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു.

