
കേരളബാങ്ക് മൈക്രോ എടിഎം കരാർ ചൈനീസ് കമ്പനിയുടെ സബ് ഡീലർക്ക് നൽകിയെന്നാരോപിക്കുന്ന ഹർജിയില്‍ കേരള ബാങ്കിന് നോട്ടീസയച്ച് ഹൈക്കോടതി. പുതുപ്പള്ളി പ്രൈമറി ക്രെഡിറ്റ് സൊസൈറ്റി പ്രസിഡൻ്റ് ടി.എം. തോമസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് നടപടിയെടുത്തത്.
2000 മൈക്രോ എ.ടി.എമ്മുകളുടെ കരാർ ‘സിറ്റ്സ ടെക്നോളജീസ്’ എന്ന കമ്പനിക്കാണ് നൽകിയത്. ടെലിപവർ കമ്മ്യുണിക്കേഷൻ ലിമിറ്റഡ് എന്ന ചൈനീസ് കമ്പനി നിർമിക്കുന്ന എ.ടി.എം ആണ് ഇവർ നൽകുന്നത്. ‘മൊബിയോസിയൻ’ എന്ന കമ്പനിയാണ് ഇതിൻ്റെ ഇന്ത്യയിലെ വിതരണക്കാർ. സിറ്റ്സ ടെക്നോളജീസ് ഇവരിൽ നിന്നാണ് എടിഎം വാങ്ങുന്നത്. ചൈനീസ് കമ്പനി കേന്ദ്ര സർക്കാറിന് കീഴിലെ ഡിപിഐഐടി രജിസ്ട്രേഷൻ നടത്തിയിട്ടില്ലെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലേ ഉൽപന്നം നൽകാനാവൂ. കരാർ നൽകിയതിലും സുതാര്യതയില്ലായിരുന്നു. കെ ഫോൺ പദ്ധതിയുടെ കരാറും സിറ്റ്സക്ക് ലഭിച്ചിരുന്നുവെന്നും ചൈനീസ് എടിഎം ഉപയോഗിക്കുന്നത് സുരക്ഷ ഭീഷണിയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.