

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂടിനിടയിൽ പാമ്പ് കടിയേറ്റുളള മരണം കൂടുന്നു. ഇന്ന് രണ്ട് പേരാണ് പാമ്പ് കടിയേറ്റ് മരിച്ചത്. കണ്ണൂരിലും ഇടുക്കിയിലും ആണ് പാമ്പ് കടിയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇടുക്കി കാഞ്ഞാറിൽ എഴുപത്തിയഞ്ചുകാരിയായ വിശാലാക്ഷിയാണ് മരിച്ചത്. കണ്ണൂർ മുതുകടയിൽ മരിച്ച നഫീസയ്ക്ക് വെള്ളിയാഴ്ചയാണ് പാമ്പ് കടിയേറ്റത്.
സംസ്ഥാനത്ത് ഇന്ന് മാത്രം പതിനഞ്ച് പേർക്ക് പാമ്പ് കടിയേറ്റെന്നാണ് 108 ആംബുലൻസ് സർവീസിന്റെ കണക്കുകൾ പറയുന്നത്. കൊല്ലത്ത് യുവാവിന് പാമ്പുകടിയേറ്റു. ചുരുട്ട വിഭാഗത്തിലുള്ള പാമ്പാണ് രാമൻകുളങ്ങര സ്വദേശി സുദേവനെ കടിച്ചത്. കൊച്ചി ചെറായിയിൽ എത്തിയ വിനോദസഞ്ചാരിയായ യുവതിക്കും പാമ്പുകടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിള നിലവിൽ ചികിത്സയിലാണ്.
അതേസമയം, തൃശൂരിൽ സഹോദരങ്ങൾക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ ആശുപത്രി ചെലവ് സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അനോഷ് ചികിത്സയിൽ കഴിയുന്നത്. അനോഷ് അപകടനില തരണം ചെയ്തതായും വെൻ്റിലേറ്ററിൽ നിന്ന് മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു.