

തൃശൂർ: ദേശീയപാത 66 ൻ്റെ നിർമാണത്തെ തുടർന്ന് വഴി ഇല്ലാതായതോടെ പ്രതിസന്ധിയിലായി തൃശൂർ മതിലകം കിഴക്കുമ്പുറം നിവാസികൾ. കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി പ്രദേശത്തെ താമസക്കാരായ 21 പട്ടികജാതി കുടുംബങ്ങളാണ് പുറംലോകവുമായി ബന്ധപ്പെടുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്നത്.
ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നേരിട്ടെത്തി പല ഉറപ്പുകളും നൽകിയിട്ടില്ലെങ്കിലും ഇതുവരെ പ്രശ്നം പരിഹരിച്ചില്ലെന്നാണ് ഇവരുടെ ആക്ഷേപം. ദേശീയപാത 66 ൻ്റെ ഭാഗമായി നിർമാണം പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്ന് നൽകിയ മതിലകം ബൈപ്പാസിനോട് ചേർന്ന് താമസിക്കുന്നവരാണ് കിഴക്കുംമ്പുറം നിവാസികൾ.
താമസിക്കുന്ന സ്ഥലത്ത് നിന്നും പുറത്തേക്ക് പോകാനോ അകത്തേക്ക് വരാനോ ഇവർക്ക് ഒരു വഴിയില്ല. സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലൂടെ നടന്ന് ചെന്നെത്തിയാൽ ദേശീയപാതയാണ്. വാഹനങ്ങൾ ചീറിപ്പായുന്ന ആറ് വരിപ്പാത കാത്ത് നിന്ന് കടക്കാനായാൽ താൽകാലികമായി മുന്നോട്ട് പോകാം. 10 അടിയിലേറെ ഉയരത്തിലും സർവീസ് റോഡില്ലാതെയുമാണ് കിഴക്കുംമ്പുറത്തിന് സമീപത്തെ ദേശീയപാത ബൈപ്പാസ് നിർമിച്ചിരിക്കുന്നത്.
ഇതോടെയാണ് പ്രദേശം താഴ്ന്ന് വഴിയില്ലാതായി 21 കുടുംബങ്ങളും ഒറ്റപ്പെട്ട് പോയത്. ഒരു കിലോ മീറ്റർ ദൂരത്തിൽ ഒരു അപ്രോച്ച് റോഡോ, സർവീസ് റോഡോ നിർമിച്ചാൽ പ്രശ്നം പരിഹരിക്കാം. എന്നാൽ ഇതിൽ നടപടി സ്വീകരിക്കാൻ അധികൃതർ മുതിരുന്നില്ലെന്നാണ് ആക്ഷേപം. അപകടപാത മുറിച്ച് കടന്നാണെങ്കിലും ഇപ്പോൾ പുറം ലോകത്തേക്കിറങ്ങാം. എന്നാൽ സംരക്ഷണഭിത്തി കെട്ടി ദേശീയപാതയുടെ നിർമാണം പൂർത്തീകരിച്ച് കഴിഞ്ഞാൽ 21 കുടുംബങ്ങൾ ഒറ്റപ്പെട്ട് പോകും.